
അഹമദാബാദ്: രണ്ടാം ഏകദിനത്തിലും വെസ്റ്റിൻഡീസിനെ തറപറ്റിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കി. ആദ്യ ഏകദിനത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ 44 റൺസിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്ടൻ നിക്കോളാസ് പൂരാൻ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്ത ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 46 ഓവറിൽ 193ന് എല്ലാവരും പുറത്താകുകയായിരുന്നു.
പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ ബൗളിംഗ് മികവാണ് വെസ്റ്റിൻഡീസിനെ ചുറ്റിച്ചത്.
That Winning Feeling! 👏 👏@prasidh43 picks his fourth wicket as #TeamIndia complete a 4⃣4⃣-run win over West Indies in the 2nd ODI. 👍 👍 #INDvWI @Paytm
— BCCI (@BCCI) February 9, 2022
Scorecard ▶️ https://t.co/yqSjTw302p pic.twitter.com/R9KCvpMImH
ആദ്യ ഏകദിനത്തിൽ യുസ്‌വേന്ദ്ര ചഹാലിന്റെ സ്പിന്നിലാണ് വെസ്റ്റിൻഡീസിന് അടിതെറ്റിയതെങ്കിൽ രണ്ടാം ഏകദിനത്തിൽ പ്രസീദ് കൃഷ്ണയുടെ പേസിന് മുന്നിലാണ് കരിബീയൻ താരങ്ങളുടെ ചുവടുപിഴച്ചത്. പ്രസീദ് നാല് വിക്കറ്റുകളും ശർദൂൽ താക്കൂർ രണ്ട് വിക്കറ്റും, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചഹാൽ, വാഷിംഗ്ടൺ സുന്ദർ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ രോഹിത് ശർമ്മയും വിരാട് കൊഹ്ലിയും അടക്കമുള്ള മുൻനിര പരാജയപ്പെട്ടപ്പോൾ സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ചുറിയാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 64 റണ്ണെടുത്ത സൂര്യകുമാർ യാദവിന് വൈസ് ക്യാപ്ടൻ കെ എൽ രാഹുൽ (49) മികച്ച പിന്തുണ നൽകി. വിന്‍ഡീസിനായി ഒഡീന്‍ സ്മിത്തും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതമെടുത്തു. കെമാർ റോച്ച്, ജേസൺ ഹോൾഡർ, അകേൽ ഹൊസെയ്ൻ, ഫാബിയൻ അല്ലെൻ എന്നിവർ ഓരോ വിക്കറ്റും നേടി.
റിഷഭ് പന്തിനെ ഓപ്പണറാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഇന്ത്യയുടെ മുൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ പല ഗുണഗണങ്ങളും ഉള്ള താരമാണ് റിഷഭ് പന്ത്. ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷനെ ഓപ്പണറാക്കിയ ഇന്ത്യ രണ്ടാം ഏകദിനത്തിൽ പന്തിനെയാണ് ക്യാപ്ടൻ രോഹിത് ശർമ്മക്കൊപ്പം ഓപ്പണറാക്കി ഇറക്കിയത്. അതും സ്ഥിരം ഓപ്പണറായ കെ എൽ രാഹുൽ മടങ്ങിയെത്തിയ ശേഷവും. അതിന് പ്രചോദനമായത് പന്തിന്റെയും സെവാഗിന്റെയും കളികൾ തമ്മിലുള്ള ചില സാമ്യതകളായിരുന്നു.
സാഹചര്യം ഏതായാലും കണ്ണുംപൂട്ടി ആക്രമിക്കുന്ന സെവാഗിന്റെ ശൈലി അതുപോലെ പിന്തുടരുന്ന കളിക്കാരനാണ് പന്ത്. അത്തരമൊരു ഓപ്പണറെ ഇന്ത്യക്ക് ആവശ്യവുമാണ്. ഇതിനാലൊക്കെയാകണം വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പന്തിനെ ഓപ്പണർ റോളിൽ ഇറക്കാൻ ഇന്ത്യയുടെ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
എന്നാൽ ആദ്യ പരീക്ഷണത്തിൽ പന്ത് പരാജയപ്പെടുകയും ചെയ്തു. വെറും 18 റൺ മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം, അതും 34 പന്തുകൾ നേരിട്ട ശേഷം. കൂടെ ഓപ്പണറായി ഇറങ്ങിയ രോഹിത് അഞ്ച് റണ്ണുമായി നേരത്തെ തന്നെ പുറത്തായിരുന്നു. വൺ ഡൗൺ ആയെത്തിയ മുൻ ക്യാപ്ടൻ വിരാട് കൊഹ്ലിയും (18) വന്നത് പോലെ മടങ്ങിയതോടെ ഇന്ത്യ തകർച്ചയുടെ വക്കിലായി.
അവിടെ നിന്ന് വൈസ് ക്യാപ്ടൻ കെ എൽ രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ കരകയറ്റാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും 49 റണ്ണെടുത്ത രാഹുൽ റണ്ണൗട്ടാകുകയും 64 റണ്ണെടുത്ത സൂര്യകുമാർ യാദവ് അല്ലെന്റെ പന്തിൽ പുറത്താകുകയും ചെയതതോടെ ഇന്ത്യ പതറുകയായിരുന്നു.