
മലമ്പുഴ കുമ്പാച്ചിമലയിടുക്കിൽ അകപ്പെട്ടുപോയ ബാബുവും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ഇന്ത്യൻ ആർമിയും സംസ്ഥാനസർക്കാരും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ബാബുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തിങ്കളാഴ്ച രാവിലെ മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. ബാബുവിനെ രക്ഷപ്പെടുത്തിയതിലുള്ള ആശ്വാസത്തിലാണ് കേരളം. ഒപ്പം പലരും തിരക്കുന്നത് കുമ്പാച്ചിമലയെ കുറിച്ചാണ്.
പാലക്കാട്ടുകാർക്ക് ഏറെ പരിചിതമാണെങ്കിലും മറ്റു ജില്ലക്കാർക്ക് കുമ്പാച്ചിമല തീർത്തും അപരിചിതമാണ്. എന്നാൽ വർഷങ്ങൾക്ക് മുമ്പുതന്നെ മലയാളികൾ കുമ്പാച്ചിമലയുടെ സൗന്ദര്യം ആവോളം നുകർന്നിരുന്നു. മോഹൻലാൽ നായകനായ യോദ്ധയിലായിരുന്നു അത്.
ഫേസ്ബുക്ക് ഗ്രൂപ്പായ എം.ത്രി.ഡി.ബിയിലാണ് കുറുമ്പാച്ചിമലയുടെ സിനിമാ പ്രാചീന ചരിത്രം വിവരിക്കുന്നത്. നിഷാദ് ബാല എന്നയാളാണ് ഇതു സംബന്ധിച്ച കുറിപ്പ് എഴുതിയത്.
പോസ്‌റ്റിന്റെ പൂർണരൂപം-
'കൂമ്പാച്ചിമലയും മലയാള സിനിമയും.
തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് വാമലകയറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നത്.
പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിൻറെ അധിവാസ കേന്ദ്രമായ അകത്തേത്തറയിൽ രാജ്യത്തിന്റെ അതിർത്തി സംരക്ഷണവും കൈയേറ്റങ്ങളും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി മലമ്പുഴയിലെ കൂമ്പാച്ചി മലയുടെ മുകളിൽ കയറി പണ്ട് കാലത്ത് പരിശോധിക്കുകയും പൂജയും നടത്തി കൊടി നാട്ടുമായിരുന്നു. ഈ ചടങ്ങിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും വാമലകയറ്റം നടന്നു വരുന്നത്.
ഈ കൂമ്പാച്ചി മലയുടെ താഴ്‌വാഴരത്തിലായിരുന്നു നമ്മുടെ തെപ്പറമ്പിൽ അശോകൻ യുദ്ധ മുറകൾ പഠിച്ചത് . യോദ്ധ എന്ന ചിത്രത്തിലെ ചില ഹിമാലയ രംഗങ്ങൾ ചിത്രീകരിച്ചതും ഈ മലയിൽ തന്നെ. അശോകൻ യുദ്ധ തന്ത്രങ്ങൾ പടിച്ച ഈ മലയിലെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയതും, ആർമി രക്ഷിച്ചതും...!'