2

പോത്തൻകോട്: പലിശയ്ക്ക് വാങ്ങിയ പണം മടക്കി നൽകാത്തതിനെ തുടർന്ന് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.

പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര സ്വദേശി സന്തോഷ് (40), പൗഡിക്കോണം വട്ടക്കരിക്കകം പിങ്കി ഹൗസിൽ വിഷ്ണു (36), വട്ടക്കരിക്കകം ശരണ്യ ഭവനിൽ ശരത്ത് (33) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സംഭവത്തിന് പിന്നിൽ അഞ്ചംഗ സംഘമാണെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതിക്കായുള്ള തെരച്ചിൽ ശക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

പോത്തൻകോട് നന്നാട്ടുകാവ് മുനീർ മൻസിലിൽ നസീമിനെ (60), പോത്തൻകോട് നന്നാട്ടുകാവ് മുസ്ലിം ജമാത്തിന് സമീപത്തെ സ്വന്തം കടയിൽ നിന്ന് ഓട്ടോയിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രണ്ടരവർഷം മുൻപ് നസീമിന്റെ ബന്ധുവായ പോത്തൻകോട് കാരൂർക്കോണം അബ്ബാസ് മൻസിലിൽ ഷുക്കൂറിന്റെ (65) കൈയിൽ നിന്ന് പച്ചക്കറി കച്ചവടം നടത്തുന്നതിനായി പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു നൽകാൻ വൈകിയതിനെ തുടർന്നാണ് നസീമിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ നസീമിൽ നിന്ന് വാങ്ങണമെന്നും അതിൽ അമ്പതിനായിരം രൂപ തനിക്ക് തന്നാൽ മതിയെന്നും ബാക്കി അമ്പതിനായിരം രൂപ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ കൂലിയായി എടുക്കാൻ ഷുക്കൂർ പറഞ്ഞിരുന്നതായി പിടിയിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഷുക്കൂർ പലിശയ്ക്ക് പണം നൽകുന്ന വ്യക്തിയാണ്.

ക്യാപ്‌ഷൻ: അറസ്റ്റിലായ പ്രതികൾ .
2 .മർദ്ദനത്തിൽ പരിക്കേറ്റ നസീം
3 .തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ആളൊഴിഞ്ഞ വീട്.