mahaan

ഗ്യാംഗ്‌സ്റ്റർ സിനിമകൾക്ക് മാത്രമായി വലിയ സ്വീകാര്യത സിനിമാപ്രേമികൾക്കിടയിലുണ്ട്. ഹോളിവുഡ് സിനിമകളിൽ കണ്ട് വരുന്ന ഇത്തരം അധോലോക സിനിമകളിലെ ആക്ഷനും സ്റ്റൈലും ഇന്ത്യൻ സിനിമയെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയാകെ തരംഗമായ കെജിഎഫും ഏറ്റവുമൊടുവിലായ ഹിറ്റായ അല്ലു അർജുൻ ചിത്രമായ പുഷ്പയും ഈ ജനുസ്സിൽ പെടുന്ന ചിത്രങ്ങളാണ്. വിക്രമും മകൻ ധ്രുവ് വിക്രമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹാൻ' ഡാർക്ക് മൂഡിലുള്ള ഗ്യാംഗ്‌സ്റ്റർ സിനിമയാണ്. ഇത്തരം ചിത്രങ്ങളിലൂടെ തന്റെ വരവറിയിച്ച കാർത്തിക് സുബ്ബരാജ് സംവിധായകനാകുന്ന ചിത്രം കൂടിയാകുമ്പോൾ മഹാൻ ഉയർത്തിയ പ്രതീക്ഷ ഒട്ടും ചെറുതല്ലായിരുന്നു.

മദ്യവിലക്കിനായി ജീവൻ നൽകിയ ഗാന്ധിയന്മാരുടെ കുടുംബമാണ് ഗാന്ധി മഹാന്റേത്. തങ്ങൾ വിശ്വസിച്ചിരുന്ന തത്വങ്ങളിൽ നിന്നുള്ള ചെറു വ്യതിയാനങ്ങൾ പോലും അയാളുടെ കുടുംബത്തിൽ അനുവദനീയമല്ലായിരുന്നു. ഗാന്ധി മഹാൻ പിന്നീട് വിവാഹം കഴിച്ചതും അത്തരമൊരു കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു. ഗാന്ധിയെ പോലെ കണ്ണട വെച്ച തികച്ചും സാത്വികനായ സ്കൂൾ അദ്ധ്യാപകനായി അയാൾ. തന്റെ 40 വയസ് വരെ ഒരു തരത്തിലെ ലഹരിയും അയാൾ അനുഭവിച്ചിട്ടില്ല. അത് ഗാന്ധിക്ക് വേണമെന്നുണ്ടായിട്ടല്ല. തന്റെ ചുറ്റുപാടുകളിലെ സമ്മർദ്ദം അയാളെ അങ്ങനെയാക്കിയതാണ്. 40 വയസ് വരെ ജീവിതം തനിക്ക് വേണ്ട വിധം അസ്വദിക്കാൻ പറ്റിയില്ല എന്ന വിഷമം അയാളെ നന്നേ ഗ്രസിച്ചിരുന്നു.

mahaan

തന്റെ ഭാര്യയും മകനുമില്ലാത്ത ഒരു ദിവസം പരമാവധി ആഘോഷമാക്കാൻ അയാൾ തീരുമാനിച്ചു. ജീവിതത്തിൽ അന്നേവരെ സന്തോഷിക്കാൻ പറ്റാത്തത്ര അയാൾ അർമാദിച്ചു. ഈ ആഘോഷങ്ങൾക്കിടയിൽ ബാറുടമയായ തന്റെ ബാല്യകാല സുഹൃത്ത് സത്യവാനെയും കുടുംബത്തെയും അയാൾ കണ്ടുമുട്ടുന്നു. ഈ ദിവസം അരങ്ങേറിയ സംഭവങ്ങൾ അയാളുടെ പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്നതായിരുന്നു. ഗാന്ധി മഹാൻ മദ്യപിച്ചെന്നറിയുന്ന ഭാര്യ അയാളിൽ നിന്ന് അകലുന്നു. കൈവിട്ട പോയ തന്റെ ഭാര്യയെയും മകനെയും തിരിച്ചുപിടിക്കാനുള്ള അയാളുടെ ശ്രമങ്ങൾ വിഫലമാകുന്നു. 40 വയസ് വരെ മദ്യം തൊട്ടു പോലും നോക്കാതിരുന്ന കഥാനായകൻ അവിടുന്നങ്ങോട്ട് മദ്യപിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല.

ഒരു കൊമേഴ്സ് അദ്ധ്യാപകനായിരുന്ന ഗാന്ധി മഹാന്റെ ജീവിതം വേറെയൊരു പാതയിലാകുന്നു. ബാറുടമയായ തന്റെ സുഹൃത്ത് സത്യവാനുമായി ചേർന്ന് വലിയൊരു മദ്യ സാമ്രാജ്യം തന്നെ അയാൾ പടുതുയർത്തുന്നു. അളവറ്റ ധനവും സ്വാധീനവും അയാൾക്ക് കൈമുതലായി വന്നു. എത്ര കിട്ടിയാലും മതിയാവാത്ത മനോഭാവം ഗാന്ധി മഹാന് ശത്രുക്കളെയും സമ്മാനിക്കുന്നുണ്ടായിരുന്നു. ആരും പ്രതീക്ഷിക്കാത്ത രീതിയിലുണ്ടായ വളർച്ചക്കിടയിലും ഗാന്ധി മഹാന്റെ ഏറ്റവും വലിയ ദുഃഖം വർഷങ്ങൾക്കു മുൻപ് തന്നെ വിട്ടു പോയ ഭാര്യയും മകനുമാണ്. അതിന് പകരമാവാൻ അയാൾക്ക് കൈവന്ന സൗഭാഗ്യങ്ങൾക്കാകുമായിരുന്നില്ല. മകനെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിച്ചത് ഗാന്ധി ഒരിക്കലും പ്രതീക്ഷിക്കാത്ത സന്ദർഭത്തിലായിരുന്നു. വ‍ർഷങ്ങൾക്കിപ്പുറം മകനുമായുണ്ടാകുന്ന കൂടിക്കാഴ്ച് ചിത്രത്തിന്റെ തുടർന്നുള്ള കഥയ്ക്ക് നാന്ദി കുറിക്കുന്നു.

mahaan

ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച വിക്രമും മകൻ ധ്രുവ് വിക്രമും മികച്ച പ്രകടമാണ് നടത്തിയത്. കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം വിക്രത്തിന് വേണ്ട വിധം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയമായാലും ആക്ഷനായാലും സ്റ്റൈലായാലും അദ്ദേഹം മികച്ചു നിന്നു. വിക്രത്തിനൊത്ത എതിരാളിയാവാൻ ധ്രുവിനും സാധിച്ചിട്ടുണ്ട്. കോൾ‌ഡ് ബ്ളഡഡ് കഥാപാത്രം കുറ്റമറ്റതാക്കാൻ അയാൾക്ക് കഴിഞ്ഞു. ബോബി സിംഹ,​ സിമ്രാൻ,​ സനന്ത്,​ വേട്ടൈ മുത്തുകുമാർ തുടങ്ങിയ മറ്റ് അഭിനേതാക്കളും നല്ല പ്രകടനം നടത്തി.

ശ്രേയാസ് കൃഷ്ണയുടെ കാമറ വർക്ക് മികച്ചതാണ്. ഇത്തരമൊരു സിനിമക്ക് വേണ്ട ഫ്രെയിമുകൾ സ്റ്റൈലിഷായി തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സന്തോഷ് നാരായണന്റെ ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തലസംഗീതം മികച്ചുനിന്നു.

പേട്ട എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഏറെ പ്രതീക്ഷയുമായെത്തിയ ജഗമേ തന്തിരം എന്ന കാർത്തിക് സുബ്ബരാജ് ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. 'മഹാനി'ലൂടെ അതിനേക്കാൾ മെച്ചപ്പെട്ട ചിത്രമൊരുക്കാൻ കാർത്തിക്കിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഗ്യാംഗ്‌സ്റ്റർ സിനിമകളിലെ ക്ലീഷേകളും അത്ര കണക്ഷൻ അനുഭവപ്പെടാത്ത രംഗങ്ങളും ചിത്രത്തെ പിറകോട്ടടിപ്പിക്കുന്നുണ്ട്. മനസിൽ നിൽക്കുന്ന രംഗങ്ങളില്ലാത്തതും ചിത്രത്തിന്റെ പോരായ്മയാണ്. ഇത് ഒഴിവാക്കി കുറേക്കൂടി പുതുമ നിലനിറുത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നെങ്കിൽ മഹാൻ തികച്ചും വ്യത്യസ്തമായ അനുഭവമായേനെ. വിക്രമും ധ്രുവും തമ്മിലുള്ള 'മത്സരം' കാണാനായി ചിത്രം കാണാവുന്നതാണ്.

mahaan