
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആർ. ബാബു(23)വിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോൾ ഉള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റും. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.
ബാബു ഇന്നലെ നന്നായി ഉറങ്ങി. ദ്രവഭക്ഷണമാണ് കൊടുക്കുന്നത്. സംസാരിക്കുന്നുണ്ട്. അതേസമയം വനമേഖലയിൽ അതിക്രമിച്ചു കടന്നതിന് ബാബുവിനും സുഹൃത്തുക്കൾക്കുമെതിരെ വനംവകുപ്പ് കേസെടുത്തേക്കും. അനുമതിയില്ലാതെ കുറുമ്പാച്ചി മല കയറിയതിനാണ് കേസെടുക്കുക.
ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. ഫോൺ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കൾ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഇന്നലെ രാവിലെ 10.20നാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. നാൽപത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടന്നത്.