babu

പാലക്കാട്: കുറുമ്പാച്ചി മലയിടുക്കിൽ ചെറായി സ്വദേശി ബാബു അപകടത്തിൽപ്പെടാൻ കാരണം കല്ലിൽ കാൽ തട്ടിയതാണെന്ന് മാതാവ് റഷീദ. വീണപ്പോൾ കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ പിടിച്ചുനിന്നെന്ന് മകൻ പറഞ്ഞതായി റഷീദ അറിയിച്ചു.

സുഹൃത്തുക്കൾ പാതിവഴിയിൽ യാത്ര നിർത്തി മടങ്ങിയെന്നും, ഒറ്റയ്ക്കാണ് മുകളിലേക്ക് കയറിയതെന്നും ബാബു മാതാവിനോട് പറഞ്ഞു. മകന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും, സാധാരണ ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും അവർ വ്യക്തമാക്കി. ബാബു ഇപ്പോൾ സന്തോഷവാനാണെന്ന് സഹോദരൻ അറിയിച്ചു.

യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി എം ഒ ഡോ. റീത്ത പ്രതികരിച്ചു. കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന് ലഭിക്കുമെന്നും, ആന്തരികാവയവങ്ങൾക്ക് പരിക്കുകളൊന്നുമില്ലെന്നും അവർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ബാബുവിനെ ഡിസ്‌ചാർജ് ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്നലെ ഉച്ചയോടെയാണ് യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐ സി യുവിലാണ്. ഉടൻ വാർഡിലേക്ക് മാറ്റും.