babu

പാലക്കാട്: ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയാണ് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവെന്ന ഇരുപത്തിമൂന്നുകാരനെ സൈന്യം രക്ഷപ്പെടുത്തിയത്. നാൽപത്തിയാറ് മണിക്കൂറാണ് ഭക്ഷണമോ വെള്ളമോ ഇല്ലാതെ യുവാവ് മലയിടുക്കിൽ കുടുങ്ങിയത്. എന്നിട്ടും മനക്കരുത്ത് കൈവിടാതെ രക്ഷകരെ കാത്ത് ബാബു ഇരുന്നു.

അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സൈന്യം ബാബുവിനെ സുരക്ഷിതനായി തിരിച്ചുകൊണ്ടുവരികയും ചെയ്തു. മലയിടുക്കിൽ കുടുങ്ങിക്കിടന്ന തന്നെ രക്ഷിച്ച സൈനികരോട് യുവാവ് നന്ദി പറയുകയും, മുത്തം നൽകുകയുമൊക്കെ ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ രക്ഷിച്ചതിന് പിന്നാലെ ബാബു ചോദിച്ച ഒരു ചോദ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കേണൽ ഹേമന്ദ് രാജ്. 'എന്നെയും സൈന്യത്തിലെടുക്കാമോ' എന്നായിരുന്നു യുവാവിന്റെ ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹേമന്ദ് രാജിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

എത്ര കഠിനായ അവസ്ഥയിലാണെങ്കിലും ഇന്ത്യന്‍ ആര്‍മി കീ ജയ് എന്ന് വിളിക്കുമ്പോള്‍ തങ്ങള്‍ക്ക് തന്നെ കിട്ടുന്ന ഒരു ഊര്‍ജമാണ് ഏറ്റവും പ്രധാനമെന്നും, എല്ലാവര്‍ക്കും വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും ഹേമന്ദ് രാജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.