bus

ചെന്നൈ: കാണാതായ ലോക്‌ഡൗണിനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഒഡീഷ സ്വദേശികളായ കിഷോറും ബുദ്ധിനിയും. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അമ്പത്തൂരിൽ നിന്നുമാണ് ഇവരുടെ ഒന്നര വയസുകാരൻ മകൻ ലോക്ഡൗണിനെ കാണാതാകുന്നത്. ചൊവ്വാഴ്ച രാത്രി സേലത്തേക്ക് പുറപ്പെടാൻ നിറുത്തിയിട്ടിരുന്ന ബസിനുള്ളിൽ നിന്നാണ് കക്ഷിയെ കണ്ടെത്തിയത്. ചെന്നൈ അമ്പത്തൂരിലാണ് ഇവർ കുടുംബസമേതം താമസിക്കുന്നത്.

കൊവിഡ് കാലത്ത് ജനിച്ചതുകൊണ്ടാണ് തങ്ങളുടെ നാലാമത്തെ മകന് ലോക്ഡൗൺ എന്ന പേര് നൽകിയത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞും കാണാതായതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടയിലാണ് ചൊവ്വാഴ്‌ച കുഞ്ഞിനെ കിട്ടുന്നത്. രാത്രി പതിനൊന്നരയോടെ ബസിനുള്ളിൽ കുഞ്ഞിനെ കണ്ട കണ്ടക്ട്റാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് കോയമ്പേട് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി രക്ഷിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.

കുഞ്ഞിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച ആരെങ്കിലും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ബസിനുള്ളിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.