
മനുഷ്യത്വവിരുദ്ധ ചുറ്റുപാടുകളെ തുറന്ന് എതിർത്തുകൊണ്ട് നേരിന്റെ സ്വയം കല്പിതവഴി സ്വീകരിച്ച കേരള നവോത്ഥാന ശില്പികളിൽ പ്രമുഖനായ പൊയ്കയിൽ കുമാര ഗുരുദേവന്റെ 144ാം ജയന്തിദിനം ഇന്ന്.
മല്ലപ്പള്ളി പുതുപ്പറമ്പിൽ കണ്ടന്റെയും മന്നിക്കൽ പൊയ്കയിൽ കുഞ്ഞുളേച്ചിയുടെയും മകനായി 1879 ഫെബ്രുവരി 17 ന് തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ ജനിച്ച കുമാരന്റെ കുടുംബം പാരമ്പര്യമായി ശങ്കരമംഗലത്ത് ക്രിസ്ത്യൻ കുടുംബത്തിന്റെ അടിയാളരായിരുന്നു. പാടത്തും പറമ്പിലുമായി മാതാപിതാക്കൾ പണിയെടുക്കുമ്പോൾ കന്നുകാലി മേയ്ക്കലായിരുന്നു കുമാരന് ജോലി. അക്കാലത്ത് തേവർകാട് എന്ന സ്ഥലത്ത് സി.എം.എസ്.വകയായി ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിക്കുന്നുണ്ടായിരുന്നു. കാലിമേയ്ക്കലിന്റെ മറവിൽ അക്ഷരം പഠിക്കാനും ബൈബിളുമായി അടുത്തിടപഴകാനും ഹൃദിസ്ഥമാക്കാനും കുമാരന് അവസരം ലഭിച്ചു. തന്റെ കൂട്ടുകാർക്കും അറിവ് പകർന്നു കൊടുത്തു കുമാരൻ. മാർത്തോമാ സഭയിലൂടെ ക്രിസ്ത്യാനിയായ കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. സഭാ യോഗങ്ങളിൽ അറിയപ്പെടുന്ന പാട്ടുകാരനും സുവിശേഷ പ്രസംഗകനുമായി. ധാരാളം അനുയായികളും യോഹന്നാൻ ഉപദേശിക്കുണ്ടായി. അവർ അദ്ദേഹത്തെ രക്ഷകൻ എന്ന അർത്ഥത്തിൽ അപ്പച്ചൻ എന്ന് വിളിച്ചു.
ക്രിസ്ത്യൻ മിഷണറിമാർ വ്യാപകമായി പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് അയിത്തജാതിക്കാർക്ക് അക്ഷരങ്ങളും ആരാധനയും നിർലോഭം നല്കിക്കൊണ്ടിരുന്നു. എന്നാൽ ഉന്നതമനോഭാവം ഉപേക്ഷിക്കാതെ ആഢ്യത്വത്തിന്റെ കൊമ്പുകുലുക്കിയ സവർണ ക്രിസ്തുവിശ്വാസികൾ ബൈബിൾ പ്രബോധനങ്ങളും ഉദ്ഘോഷണങ്ങളും ലംഘിക്കുന്നതിൽ മനംമടുത്ത യോഹന്നാൻ മാർത്തോമ സഭയുമായുള്ള ബാന്ധവം അവസാനിപ്പിച്ച് ബ്രദർ മിഷൻ സഭയുമായി കൂട്ടുചേർന്ന് പ്രേഷിത പ്രവർത്തനം തുടർന്നു. രണ്ട് കൊല്ലത്തോളം തുടർന്ന ആ ബന്ധവും ഉപേക്ഷിച്ച് അദ്ദേഹം വേർപാട് സഭയുടെ ഭാഗമായി. അവിടെയും തിരിച്ചടികളേറ്റു. മോക്ഷവും ദുരിതമോചനവും വ്യാമോഹം മാത്രമാണെന്ന് തിരിച്ചറിഞ്ഞ അപ്പച്ചൻ സ്വത്വബോധത്തിലേക്ക് മടങ്ങാൻ നിർബന്ധിതനായി.
അടിമജാതികൾ ക്രിസ്തുമതം സ്വീകരിച്ചാൽ അവശ ക്രിസ്ത്യാനി പുതുക്രിസ്ത്യാനി എന്നീ വിളിപ്പേരിട്ട് പ്രത്യേക വിഭാഗമായി മാറ്റിനിറുത്തപ്പെട്ടു. ഈ സാമൂഹിക സാഹചര്യത്തെ വെല്ലുവിളിച്ച് യോഹന്നാൻ രംഗത്തെത്തി. പുതുക്രിസ്ത്യാനികളുടെ മൃതശരീരം മറവ് ചെയ്യാൻ പള്ളിസെമിത്തേരികൾ പ്രത്യേകം സ്ഥലം തിരിച്ചിടുകയോ തെമ്മാടിക്കുഴികൾ ഒരുക്കുകയോ ചെയ്തു. യോഹന്നാൻ ഇതിനെതിരെ കലഹിച്ചു.
1910 ൽ പതിനായിരത്തിൽപ്പരം അനുയായികളെ സംഘടിപ്പിച്ച് ചങ്ങനാശ്ശേരിയിൽ നടത്തിയ റാലി ജർമ്മനിക്ക് അനുകൂലവും ബ്രിട്ടന് എതിരുമാണെന്ന് വ്യാഖ്യാനിച്ച് യോഹന്നാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കേസ് വിചാരണ മദ്ധ്യേ ചങ്ങനാശ്ശേരി സബ് മജിസ്ട്രേട്ടിന്റെ ചോദ്യം: 'എന്താണ് നിങ്ങളുടെ സഭയുടെ പേര് ?' അപ്രതീക്ഷിതമായ ചോദ്യം കൊണ്ട് യോഹന്നാനെ തളയ്ക്കാമെന്ന മജിസ്ട്രേട്ടിന്റെ ബുദ്ധിയ്ക്ക് മുന്നിൽ പരിഭ്രമം കൂടാതെ അപ്പച്ചൻ ഉത്തരം പറഞ്ഞു. 'പ്രത്യക്ഷ രക്ഷാദൈവസഭ.' അപ്പച്ചനിൽ ആരോപിക്കപ്പെട്ട കുറ്റം തെളിവില്ലാത്തതിനാൽ വെറുതെ വിട്ടുകൊണ്ട് കേസ് അവസാനിച്ചു.
അറിവും സ്വത്തും അധികാരത്തിലേക്കുള്ള വഴിയാണെന്ന് തിരിച്ചറിഞ്ഞ അപ്പച്ചൻ ചങ്ങനാശ്ശേരി അമര, ഇരവിപേരൂർ ചങ്ങനാശ്ശേരി വെങ്ങളത്തുകുന്ന്, നെയ്യാറ്റിൻകര ഉദിയൻകുളങ്ങര ,മുതലപ്ര, ഊട്ടുപാറ, വെങ്കോട്ട, വാകത്താനം, എണ്ണിയ്ക്കാട്, ചെമ്പൂർ കോട്ടയം, വെട്ടിയാട് കോത്തല, കനകപ്പലം തുടങ്ങിയ സ്ഥലങ്ങളിലടക്കം 72 ഏക്കർ ഭൂമി വിലയ്ക്ക് വാങ്ങി. അമരയിൽ ഒരു പ്രൈമറി സ്കൂളും ആരാധനാലയവും സ്ഥാപിച്ചു. ഇരവിപേരൂരിൽ സഭയുടെ ആസ്ഥാന മന്ദിരവും അടിമവ്യാപാര നിരോധന സ്തംഭവും സ്ഥാപിച്ചു. തന്റെ അനുയായികൾക്ക് തൊഴിൽ പരിശീലനത്തിനും വരുമാനത്തിനുമായി നെയ്ത്തുശാലയും ഉദിയൻകുളങ്ങരയിൽ സഭയ്ക്ക് വേണ്ടി ആരാധനാലയവും സ്ഥാപിച്ചു. നാട്ടുഭാഷ പഠിക്കാൻ പോലും അനുവാദമില്ലാതിരുന്നിട്ടും വെങ്ങളത്തുകുന്നിൽ റസിഡൻഷ്യൽ സൗകര്യത്തോട് കൂടിയ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. കൂടാതെ അഞ്ച് സ്കൂളുകൾ വേറെയും '
1921, 1931 വർഷങ്ങളിൽ അദ്ദേഹം തിരുവിതാംകൂർ നിയമനിർമ്മാണ സഭയായ ശ്രീ മൂലം പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. അലക്കി വെളുപ്പിച്ച ശുഭ്രവസ്ത്രങ്ങൾ ധരിച്ചും നികൃഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിച്ചും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും സ്ത്രീ പുരുഷസമത്വം പാലിച്ചും സാമൂഹികമായും സാംസ്കാരികമായും ബൗദ്ധികമായും സാമ്പത്തികമായും ഉന്നതിയിലെത്താൻ പഠിപ്പിച്ച, അതിനായി നിർഭയം പോരാടിയ പൗരുഷപ്രതീകമാണ് പൊയ്കയിൽ കുമാര ഗുരുദേവൻ.
( ലേഖകന്റെ ഫോൺ - 9497336510)