babu

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിൽ കുരുങ്ങിയ ബാബുവിന് വേണ്ടി നാട് മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്നത് 46 മണിക്കൂർ. സംഭവമറിഞ്ഞ് ചെറാട് മലയടിവാരം ജനങ്ങളെയും ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും കൊണ്ട് നിറഞ്ഞു. പൊലീസ്, വനം വകുപ്പ്, ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും മലമുകളിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരുന്നു.

ബാബുവിനെ രക്ഷിച്ച് ഹെലികോപ്റ്റർ പറന്നുയരുന്നത് കണ്ട് കരഘോഷം മുഴക്കിയും രക്ഷാദൗത്യ സംഘത്തിന് ജയ് വിളിച്ചും നന്ദി പറഞ്ഞുമാണ് അവർ പിരിഞ്ഞുപോയത്. രക്ഷാ ദൗത്യസംഘത്തിന് വേണ്ട സഹായം നൽകാനും സദാ സന്നദ്ധരായി നാട്ടുകാരുണ്ടായിരുന്നു. അപകടം നിറഞ്ഞ മലയിലേക്ക് പോകാനുള്ള വഴി അറിയുന്ന തദ്ദേശീയരായ അഖിൽ, സുരേഷ്, മനോജ്, ഗിരീഷ്, സിങ്കം എന്ന് വിളിപ്പേരുള്ള ആദിത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അടിവാരത്തിലും മലയിലേക്കുള്ള വഴിയിലും നിലയുറപ്പിച്ചു. ഇവരുടെ സഹായത്തോടെയാണ് ദൗത്യസംഘം മല കയറിയത്. അഖിലിനാണ് സ്ഥലം ഏറ്റവുമധികം പരിചയമുള്ളതെന്ന് ബാബുവിൻ്റെ സുഹൃത്തുക്കൾ പറഞ്ഞു. നാട്ടുകാർ ദൗത്യസംഘത്തിന് ഭക്ഷണവും വെള്ളവും എത്തിച്ചു. എൻ.ഡി.ആർ.എഫും കരസേനയും എത്തും മുമ്പ് സന്നദ്ധ സംഘങ്ങളുടെയും നാട്ടുകാരുടെയും 22 ചെറു സംഘങ്ങൾ പല ദിശകളിലായി തെരച്ചിൽ തുടങ്ങിയിരുന്നു.

രാവിലെ പത്രവിതരണം കഴിഞ്ഞാൽ സുഹൃത്തുക്കളുമൊത്ത് ബാബു ഫുട്ബാൾ കളിക്കാനിറങ്ങും. കൃത്യമായി കളിക്കാൻ എത്താറുള്ളത് ബാബുവാണ്. ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി എന്നിവയിൽ തല്പരനും പ്രകൃതി സ്നേഹിയുമാണ്. ചെറാട് മലയുടെ ചെറിയ ഉയരങ്ങൾ മുമ്പ് കീഴടക്കിയിരുന്നു. സാഹസികതയോടുള്ള അഭിനിവേശം കൊണ്ടാണ് കൂടെയുണ്ടായിരുന്ന രണ്ട് പേർ തിരിച്ചിറങ്ങിയപ്പോഴും ബാബു മുകളിൽ കയറിയത്. മലമുകളിൽ ദേവിയുടെ കരിങ്കൽ പ്രതിഷ്ഠയുണ്ട്. അവിടെയത്തിയാൽ പാലക്കാട് ടൗൺ പരിസരം മുഴുവൻ കാണാമത്രെ. അവിടെ നിന്നുള്ള ദൃശ്യം പകർത്തുകയെന്ന ലക്ഷ്യവും ബാബുവിന് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വർഷത്തിലൊരിക്കൽ പ്രദേശത്തെ ഉത്സവത്തിൻ്റെ ഭാഗമായി മലമുകളിലെ ദേവീസന്നിധിയിലേക്ക് ഭക്തർ പോകാറുണ്ടന്നും അവർ പറയുന്നു. ബാക്കി സമയങ്ങളിൽ അപകടം നിറഞ്ഞ ഇതുവഴി ആരും സഞ്ചരിക്കാറില്ല.

ചെറാട് മലമുകളിലേക്ക് നേരിട്ട് കയറാനാവില്ല. തൊട്ടുള്ള മറ്റൊരു മല കറയി അതിനു മുകളിലൂടെ വേണം ഉച്ചിയിലെത്താൻ. പോയ വഴി തിരിച്ചിറങ്ങുന്നതാണ് സുരക്ഷിതമെങ്കിലും എളുപ്പം നോക്കി ചെങ്കുത്തായ, ദുർഗ്ഗമ മാർഗ്ഗത്തിലൂടെ ഇറങ്ങാൻ ശ്രമിച്ചതാണ് ബാബുവിന് വിനയായത്. ധാരാളം മരങ്ങളുള്ള ഈ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. നാട്ടുകാരിൽ പലരും ചെറാട് മല കയറി പരിചയമുള്ളവരാണെങ്കിലും ഇത്രയും ഉയരം ആരും കയറിയിട്ടില്ല. ബാബു തിരിച്ചിറങ്ങാൻ ഉപയോഗിച്ച വഴിയും ആരും തെരഞ്ഞെടുത്തിരുന്നില്ല.