
മുംബയ്: കേന്ദ്ര ബഡ്‌ജറ്റിന് ശേഷം ചേർന്ന ആദ്യ പണവായ്‌പ അവലോകന യോഗത്തിൽ റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. തുടർച്ചയായ പത്താമത് തവണയാണ് ബാങ്ക് റിപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്താത്തത്. രാജ്യത്ത് ഒമിക്രോൺ വ്യാപനവും നിരക്കുകളിൽ മാറ്റം വരുത്താതിരിക്കാൻ കാരണമായി. 2022-23 വർഷത്തെ വളർച്ചാ അനുമാനം 7.8 ശതമാനമായിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം കൊവിഡിന് മുൻപത്തെ നിലയിലെത്തുമെന്ന പ്രതീക്ഷയാണ് പണവായ്‌പാ അവലോകന സമിതിക്കുളളത്. അതിനാൽ രാജ്യത്തെ സാമ്പത്തിക വളർച്ചയെ സഹായിക്കാനാണ് നിരക്കുകളിൽ മാറ്റം വരുത്താതെ തൽസ്ഥിതി തുടർന്നതെന്ന് ശക്തികാന്ത ദാസ് അറിയിച്ചു.
പണപെരുപ്പം 2-6 ശതമാനത്തിനിടയിൽ നിർത്തുന്നതിനാണ് പണവായ്‌പ അവലോകന സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയത്. അടുത്ത സാമ്പത്തിക വർഷത്തിലെ പണപെരുപ്പ അനുമാനം ആദ്യപാദത്തിൽ 4.9 ശതമാനവും രണ്ടാം പാദത്തിൽ അഞ്ച് ശതമാനവുമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
ലതാ മങ്കേഷ്‌കറുടെ മരണത്തെ തുടർന്ന് പൊതു അവധിയായിരുന്നതിനാൽ തിങ്കളാഴ്‌ച ആരംഭിക്കേണ്ടിയിരുന്ന യോഗം ഒരുദിവസം വൈകിയാണ് നടന്നത്.