
വിജനമായ ഏതോ പ്രദേശത്തുനിന്ന് ഒരു പുഴ ഉറവപൊട്ടി ഒഴുകിവരുമ്പോലെയാണ് പെരുമ്പടവം ശ്രീധരൻ ഭൂമിയിൽ പിറവികൊണ്ടത്. സാഹിത്യജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പാരമ്പര്യവഴികളിലെ പച്ചപ്പോ തെളിനീർപ്രവാഹമോ ഒന്നും അദ്ദേഹം കൂട്ടിച്ചേർക്കാറില്ല. ആയിരം പൂർണചന്ദ്രന്മാരുടെ പ്രഭയിൽ വിളങ്ങിനിൽക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിൽ പെരുമ്പടവം ശ്രീധരൻ. ശതാഭിഷിക്തനായ കഥാകാരന് ആയിരം ജന്മദിനാശംസകൾ.
സ്കൂൾരേഖപ്രകാരം 1938 ഫെബ്രുവരി 12നാണ് മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം എന്ന ഗ്രാമത്തിൽ ശ്രീധരൻ ജനിച്ചത്. നാല് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. സ്കൂളിൽ പ്രവേശിക്കാനുള്ള പ്രായം ആകാത്തതിനാൽ വയസ്സ് അല്പം കൂട്ടിവച്ചാണ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിൽ ചേർത്തത്. അതിനാൽ പ്രഖ്യാപിത ജന്മദിനപ്രകാരം 1000 പൂർണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമോ എന്ന ആശങ്ക സ്വാഭാവികം. എന്നാൽ 1030ലേറെ പൂർണചന്ദ്രന്മാർ പെരുമ്പടവം ശ്രീധരനെ കണ്ടിട്ടുണ്ടാവും. സൂര്യസിദ്ധാന്തമനുസരിച്ച് 100 നിത്യയോഗ വർഷങ്ങൾ പൂർത്തിയാക്കുന്നതാണ് ശതാഭിഷേകം. 83 വയസ്സും 6 മാസവും 18 ദിവസവും കഴിയുമ്പോൾ 100 നിത്യയോഗ വർഷം പൂർത്തിയാകും. 83 വർഷവും 4 മാസവുമാകുന്നതിനുമുമ്പേ 1030.7 പൗർണ്ണമികൾ സംഭവിച്ചിട്ടുണ്ടാകും എന്നാണ് ജ്യോതിഷികൾ കണക്കാക്കുന്നത്. ജ്യോതിഷികളുടെ കണക്കിൽപ്പെടുന്നതാണോ സാഹിത്യരചന എന്നറിയില്ല. ജ്യോതിശാസ്ത്രത്തിൽ പെരുമ്പടവം ശ്രീധരൻ വിശ്വസിക്കുന്നുണ്ടോ എന്നും വ്യക്തമല്ല. ചിലപ്പോൾ അദ്ദേഹം പറയുന്ന ഒരു ആത്മഗതമുണ്ട്. 'പെരുമ്പടവം കാവിലെ ഭഗവതിയാണ് എന്റെ അമ്മ" എന്ന്. യുക്തിവാദിയായ ഒരെഴുത്തുകാരന് അതെങ്ങനെ പറയാൻ സാധിക്കും?
അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ഏഴാം വാതിൽ, ഒരു സങ്കീർത്തനംപോലെ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം തുടങ്ങി അൻപതോളം കൃതികൾ പെരുമ്പവടത്തിൽനിന്ന് മലയാളത്തിന് ലഭിച്ചു. ഇവയിലെറെ കൃതികളിലും ആരൂപിയായ ദൈവം മുഖ്യ കഥാപാത്രമാണ്. ആ കഥാപാത്രം ഒരിക്കലും നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെന്നുമാത്രം. അതെന്തുകൊണ്ട് എന്ന് ചോദിച്ചാൽ, അതങ്ങനെയാണ് എന്നാവും പെരുമ്പടവത്തിന്റെ മറുപടി. അക്കാഡമിക് നിരൂപകരുടെ ഭാഷയിൽ പറഞ്ഞാൽ പെരുമ്പടവത്തിന്റെ സാഹിത്യജീവിതത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. സങ്കീർത്തനത്തിന് മുമ്പും ശേഷവും. പക്ഷേ, വായനക്കാർക്ക് ആ വേർതിരിവ് ഉണ്ടോ എന്ന് സംശയമാണ്. ഒരു സങ്കീർത്തനംപോലെ എന്ന നോവൽ വായനാലോകത്തിന്റെ ഫ്രൈമിൽ ക്ലോസപ്പിൽ വന്നതോടെയാണ് എല്ലാത്തരം വായനക്കാരും പെരുമ്പടവത്തിലേക്ക് തിരിഞ്ഞത്. പക്ഷേ, 'സർപ്പക്കാവ്' എന്ന നോവൽ മുതൽ പെരുമ്പടവത്തിന്റെ കഥാജീവിതത്തിൽ എഴുന്നുനിൽക്കുന്നത് പ്രേമത്തിന്റെയും ദൈവവിളിയുടെയും ഉൾക്കരുത്താണ്. അതിന്റെ ഉയർച്ചതാഴ്ചകളാണ് പെരുമ്പടവത്തിന്റെ സാഹിത്യകലയെ ശില്പഭദ്രമാക്കുന്നത്. ഒരു സങ്കീർത്തനംപോലെ എന്ന നോവലിനെ ജനപ്രിയമാക്കിയതും പട്ടുനൂലാൽ തുന്നിയ അനുരാഗത്തിന്റെ ഇഴയടുപ്പവും ദൈവത്തിലേക്കുള്ള സഞ്ചാരങ്ങളുമാണ്.
ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന 45 വയസ്സ് പിന്നിട്ട ദസ്തയേവ്‌സ്കിയുടെ അരികിൽ 22 വയസു തികയാത്ത അന്ന കേട്ടെഴുത്തുകാരിയായി എത്തുന്നതും ഇരുവർക്കും പ്രണയം അനുഭവപ്പെടുന്നതുമാണ് ഒരു സങ്കീർത്തനംപോലെ എന്ന നോവലിന്റെ ഇതിവൃത്തം. അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളും ആവിഷ്കരിക്കുന്നതിലൂടെയാണ് നോവൽ ക്ലാസിക് മാനത്തിലേക്ക് ഉയരുന്നത്. അരാജകത്വത്തിന്റെ കാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ദസ്തയേവ്‌സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാരനായി കാണാൻ ഈശ്വരദർശനമുണ്ടായതാണ് പെരുമ്പടവം ശ്രീധരൻ എന്ന നോവലിസ്റ്റിനെ വേറിട്ട തലത്തിലേക്ക് ഉയർത്തിയത്. ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും സ്വരമുണ്ട്. അതിനെ ബൈബിൾഭാഷയിൽ പുനരാവിഷ്കരിക്കാനും പെരുമ്പടവത്തിന് കഴിഞ്ഞു. ദസ്തയേവ്‌സ്കി, അന്ന, ദസ്തയേവ്‌സ്കിയുടെ വീട്ടുജോലിക്കാരി ഫെദോസ്യ, പ്രസാധകൻ സ്റ്റെല്ലോവിസ്കി, പണം കടം കൊടുക്കുന്ന യാക്കോവ്, വാടകവീടിന്റെ ഉടമസ്ഥൻ അലോൻകിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. എവിടെയും പരാജയപ്പെടുകയാണ് തന്റെ അനുഭവം എന്ന് കരുതുന്ന ദസ്തയേവ്‌സ്കിയുടെ മാനസികവ്യാപാരങ്ങളെ അന്നയുടെ പ്രണയസാന്നിദ്ധ്യത്തിൽ ആവിഷ്കരിക്കാൻ ഉപയോഗിച്ച ശില്പതന്ത്രമാണ് നോവിലിനെ ഈടുറ്റതാക്കിയത്. ''ഓർത്തു നോക്കുമ്പോൾ എന്റെ കാര്യം മഹാകഷ്ടമാണ്. ദരിദ്രനും നിസ്സഹായനും പരാജിതനും ആർക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവൻ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത്?'' ദസ്തയേവ്‌സ്കിയുടെ ഈ ആത്മഗതം ഓരോ വായനക്കരനും തന്റേതാണെന്ന് തോന്നുംവിധമാണ് പെരുമ്പടവം നോവലിൽ വിളക്കിച്ചേർത്തിരിക്കുന്നത്.
കവിതയുടെ നദിയിൽ നീരാടിയെത്തുന്ന വാക്കുകൾ കോർത്താണ് പെരുമ്പടവം കഥയുടെ ശ്രീകോവിൽ പണിയുന്നത്. മലയാളത്തിലെ ക്ലാസിക് നോവലുകളിൽ ഒന്നായ 'ഒരു സങ്കീർത്തനംപോലെ' ആദ്യന്തം ഒരു കാവ്യശില്പമാണ്. വില്പനയുടെ കാര്യത്തിൽ ചങ്ങമ്പുഴയുടെ രമണനെയും ഒ.വി.വിജയന്റെ ഖസാഖിന്റെ ഇതിഹാസത്തെയും അതിജീവിക്കാനും ഈ നോവലിനു കഴിഞ്ഞു. ആധുനിക വിമർശകനായ വി. രാജകൃഷ്ണൻ പറഞ്ഞിട്ടുള്ളതുപോലെ 'ചെകുത്താന്റെയും മാലാഖയുടെയും അംശങ്ങൾ സ്വത്വത്തിലൊളിപ്പിച്ച ഒരെഴുത്തുകാരന്റെ ഹൃദയാന്തർഭാഗത്തുനിന്ന് പ്രേമാർപ്പണത്തിന്റെ മുഗ്ദ്ധനിമിഷത്തിൽ മെല്ലെ ഉയർന്നുപൊങ്ങുന്ന സങ്കീർത്തനമാണ്' ഒരു സങ്കീർത്തനംപോലെ എന്ന നോവലിന്റെ ജീവധാര. ഈ നോവൽ എഴുതുന്നതിന് രണ്ടു പതിറ്റാണ്ടു മുമ്പാണ് ‘അന്തിവെയിലിലെ പൊന്ന്’ പുറത്തുവന്നത്. സിനിമാനടിയായ മായ എന്ന കഥാപാത്രത്തിന്റെ ഉയർച്ചയും അതു സൃഷ്ടിക്കുന്ന സംഘർഷങ്ങളുമാണ് നോവലിൽ ആവിഷ്കരിക്കുന്നത്. മായയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ഇതിലെ കഥയും പ്രണയത്തിന്റെ മാന്ത്രികനൂലാൽ തുന്നിച്ചേർത്തതുതന്നെ.
ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളുമെഴുതി അറുപതുകളിൽ സാഹിത്യരംഗത്തെത്തിയ പെരുമ്പടവം അഭയം എന്ന നോവലിലൂടെയാണ് മലയാളസാഹിത്യത്തിൽ തന്റെ ഐ.എസ്.ഐ മുദ്ര പതിച്ചത്. ആയില്യം, അഷ്ടപദി എന്നീ നോവലുകൾകൂടി പുറത്തുവന്നതോടെ പെരുമ്പടവം മലയാള കഥാലോകത്തിന്റെ പ്രിയസാന്നിദ്ധ്യമായി. 12 തിരക്കഥകളുമെഴുതി.
ദൈവത്തിന്റെ കൈയിലെ കളിപ്പാവയായി വഴങ്ങിപ്പോകുന്ന മനുഷ്യരാണ് പെരുമ്പടവത്തിന്റെ നോവലുകളിലെ മിക്ക കഥാപാത്രങ്ങളും. ദൈവത്തെ പത്ത് പ്രാവശ്യമെങ്കിലും വിളിച്ചുചൊല്ലാത്ത നായികാനായകന്മാർ കുറവാണ്. എന്റെ തേവരേ, എന്റെ ദൈവമേ, എന്റെ ഈശോ എന്നൊക്കെയാവും ആ വിളി. പെരുമ്പടവത്തിന്റെ ശ്രദ്ധേയമായ എല്ലാനോവലുകളിലും ഈ സവിശേഷത കാണാം. ഒരു സങ്കീർത്തനംപോലെ എന്ന നോവലിലെത്തുമ്പോൾ ദൈവവിളി അതിന്റെ എല്ലാ അതിരുകളും ഭേദിച്ച് കുരിശുമരണത്തിന്റെ താഴ്വവരയിലേക്ക് ചെന്നെത്തുന്നു. സർപ്പാരാധനയുടെ മടിത്തട്ടിൽ തകർന്നുവീഴുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന 'സർപ്പക്കാവ്' എന്ന നോവൽ എഴുതിയശേഷമാണ് പെരുമ്പടവം നാടും വീടുംവിട്ട് മദ്രാസിലേക്ക് വണ്ടികയറിയത്. യുക്തിവാദി എന്ന മേലങ്കിയോടെയുള്ള ആ യാത്രയിൽ രണ്ടു കാമുകിമാരെ ചേർത്തുപിടിച്ചിരുന്നു. അവരിലൊരാൾ ഇപ്പോഴില്ല. സഹധർമ്മിണി ലൈല. ജീവന്റെ പകുതിയായിരുന്ന ലൈലയെ കുറച്ചു നേരെത്തേ ദൈവം തിരികെവിളിച്ചു. ഊണിലും ഉറക്കത്തിലും കൈവിട്ടുപോകാത്ത കഥയുടെ രാജകുമാരി ഇപ്പോഴും നിത്യഭാസുരയായി പെരുമ്പടവത്തിനൊപ്പമുണ്ട്. മഹാകവി കുമാരനാശാന്റെ കാവ്യപ്രപഞ്ചത്തിൽ നീരാടുകയാണ് കഥയുടെ ആ രാജകുമാരി. പെരുമ്പടവത്തെ കാവിൽനിന്ന് മഞ്ഞൾപ്രസാദവും കുങ്കുമവും ചാർത്തി അവൾ വരും. സഹൃദയർക്ക് വായനയുടെ പുതിയ വസന്തം സമ്മാനിക്കാൻ.