cm

തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി അടിസ്ഥാന സൗകര്യ-ഭൗതിക വികസനം പൂർത്തിയാക്കിയ അൻപത്തിമൂന്ന് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നാടിന്റെ വികസനം ഉറപ്പുവരുത്തുക എന്നത് പ്രധാന കടമയായി കണ്ടുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷങ്ങൾ ചെയ്ത കാര്യങ്ങൾ തുടർപ്രവർത്തനങ്ങളായി പൂർത്തിയാക്കേണ്ടതുണ്ടെന്നും, പുതിയ പദ്ധതികൾ വരേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കേരളത്തിൽ പുതിയ സംസ്‌കാരം ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. നേരത്തെ സർക്കാർ ഒരു കാര്യം പ്രഖ്യാപിച്ചാൽ ഏതോ കാലം നടപ്പാകാം, ചിലപ്പോൾ നടപ്പാകാതെ വരാം. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വന്നിരിക്കുന്നു. എന്താണോ പറയുന്നത്, അത് നടപ്പാകുമെന്ന കാര്യത്തിൽ ജനങ്ങൾക്ക് ഉറപ്പുണ്ട്. നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നത് സർക്കാരിനെ സംബന്ധിച്ച് നിർബന്ധമുണ്ട്.'-മുഖ്യമന്ത്രി പറഞ്ഞു.

'നമ്മുടെ സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയാണ് ഇവിടെ നടക്കുന്നത്. സർക്കാരിന്റെ ഒന്നാം വർഷം പൂർത്തീകരിക്കുന്ന മേയ് 20ന് മുൻപുള്ള നൂറ് വർഷത്തെ ഒരു കർമ്മ പരിപാടി തയ്യാറാക്കിയിരുന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനവും, വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവുമാണ് ഇന്നിവിടെ നടക്കുന്നത്.'- മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ കെട്ടിടങ്ങളിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്, എം എൽ എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടും. കൈറ്റ്, വാപ്‌കോസ്, ഇൻകെൽ, കില എന്നിവയാണ് പദ്ധതികളുടെ നിർവഹണ ഏജൻസികൾ.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം പൂർത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസി. അരുവിക്കരം, പട്ടാമ്പി, ഷൊർണൂർ, കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ.


കിഫ്ബിയുടെ മൂന്ന് കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും നടന്നു. ഇതിൽ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകളും ഉൾപ്പെടുന്നു. ചേലക്കര, കോതമംഗലം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് സൗത്ത്, നിലമ്പൂർ, വേങ്ങര, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ.

കണ്ണൂർ ജില്ലയിലെ തലശേരി,പയ്യന്നൂർ നിയോജക മണ്ഡലങ്ങളിൽ ആയാണ് കിഫ്ബിയുടെ ഒരു കോടി പദ്ധതിയിൽപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ രണ്ട് സ്‌കൂളുകൾ, ഇതിനു പുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം എൽ എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനവും നടന്നു.