money

മുംബയ്: അബദ്ധത്തിൽ അക്കൗണ്ടിലേക്ക് പണമെത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തി. 2021 ഓഗസ്റ്റിലായിരുന്നു മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ പൈതാൻ താലൂക്ക് സ്വദേശി ജ്ഞാനേശ്വർ ഓട്ടെയുടെ ജൻ ധൻ ബാങ്ക് അക്കൗണ്ടിൽ പണമെത്തിയത്.

പതിനഞ്ച് ലക്ഷം രൂപയാണ് ജൻ ധൻ അക്കൗണ്ടിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് അദ്ദേഹം കരുതി. തുടർന്ന് പ്രധാനമന്ത്രിക്ക് 'നന്ദി' അറിയിച്ചുകൊണ്ട് കർഷകൻ കത്തെഴുതുകയും ചെയ്തു.

വീടുപണിക്കായി ഒൻപത് ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് എടുക്കുകയും ചെയ്തു. എന്നാൽ ആറു മാസത്തിനുശേഷം, അബദ്ധത്തിൽ അക്കൗണ്ടിൽ വലിയ തുക നിക്ഷേപിച്ചുവെന്നും, തിരിച്ചടക്കണമെന്നും കാണിച്ച് ബാങ്ക് നോട്ടീസ് നൽകി. വികസന ആവശ്യങ്ങൾക്കായി പിംപാൽവാഡി ഗ്രാമ പഞ്ചായത്തിലേക്ക് വന്ന പണമാണ് ഓട്ടെയുടെ അക്കൗണ്ടിലെത്തിയത്.