hijab

തിരുവനന്തപുരം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊള‌ളുകയാണ്. ഈ വിഷയത്തിൽ സിപിഎം നിലപാടിനെതിരെ ട്രോൾ പോസ്‌റ്റുമായി ശ്രീജിത്ത് പണിക്കർ. കർണാടകയിലെ വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന സിപിഎം നിലപാടിനെ സംസ്ഥാന സർക്കാരിന്റെ നിലപാടിനോട് താരതമ്യം ചെയ്‌താണ് ശ്രീജിത്ത് പണിക്കർ ട്രോളിയത്.

സ്‌റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളിൽ ഹിജാബോ, സ്‌കാർഫോ മുഖം മറയ്‌ക്കുന്ന ഉടുപ്പോ അനുവദിക്കില്ലെന്നും യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദിക്കുന്നത് അനൗചിത്യമാണെന്നും കാട്ടി സർക്കാർ അനുമതി തടഞ്ഞതിനെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ശ്രീജിത്ത് സൂചിപ്പിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

അതാണ് സിപിഎം. നിലപാടുകളിൽ അസൂയാവഹമായ സ്ഥിരതയുള്ള പാർട്ടി.

ഒരാഴ്ച്ച മുൻപാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് ഹിജാബ്, സ്‌കാർഫ്, കൈകൾ മറയ്ക്കുന്ന ഉടുപ്പ് എന്നിവ അനുവദിക്കാൻ കഴിയില്ലെന്ന് കേരളത്തിലെ സിപിഎം സർക്കാർ തീരുമാനിച്ചത്.

ഇഷ്ടവസ്ത്രം ധരിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം തനിക്കുണ്ടെന്ന ഒരു പെൺകുട്ടിയുടെ വാദം സർക്കാർ അംഗീകരിച്ചില്ല. യൂണിഫോമിൽ മതചിഹ്നങ്ങൾ ഉണ്ടാകുന്നത് അനൗചിത്യമാണ് എന്നായിരുന്നു കാരണമായി പറഞ്ഞത്. അത് മതേതരത്വത്തെ ബാധിക്കുമെന്നും സർക്കാർ പറഞ്ഞു.

അതേ സിപിഎം ഇന്നലെ കേന്ദ്രസർക്കാരിനോട് പറയുന്നു, കർണാടകയിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ പെൺകുട്ടികളെ അനുവദിക്കണമെന്ന് !

കാസിരംഗ ദേശീയപാർക്കിലെ അന്തേവാസികൾ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് തോന്നുന്നു.