
ലതാമങ്കേഷ്കർ പാടുമ്പോൾ കിളികൾ ചിലയ്ക്കുന്നില്ല. സാഗരങ്ങൾ തിരമാലകളാൽ സ്വതന്ത്രരാഗങ്ങൾ മീട്ടുന്നില്ല. ലതയുടെ സംഗീതത്തിൽ പ്രപഞ്ചരാഗങ്ങൾ അലിഞ്ഞുചേരുകയായിരുന്നു. ലതാമങ്കേഷ്കർ സംഗീതത്തെ പ്രണയിക്കുകയായിരുന്നില്ല, സംഗീതം ലതയെ കണ്ടെത്തി, ആജീവനാന്തം പിന്നാലെ നടന്ന് പ്രണയിക്കുകയായിരുന്നു. ഭാരതത്തിലെ എല്ലാഭാഷകളിലും ആ സ്വരചൈതന്യം പ്രസരിക്കുകയും ലോകമെങ്ങുമുള്ള സംഗീതപ്രേമികളെ ആ സ്വരസൗകുമാര്യം ആനന്ദലീനരാക്കുകയും ചെയ്തു. ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന് ശ്രീകുമാരൻതമ്പിക്ക് ലഭിച്ച ഉത്തരം ലതാമങ്കേഷ്കറുടെ പാട്ടായതും അതുകൊണ്ടാണ്. രൂപമില്ലാത്ത ദൈവികചൈതന്യം നാദമായി പ്രത്യക്ഷപ്പെട്ടതാണ് ലതാമങ്കേഷ്കറുടെ സംഗീതമെന്നും ശ്രീകുമാരൻതമ്പി ആലങ്കാരികമായി പറഞ്ഞിട്ടുണ്ട്. ലതാമങ്കേഷ്കറുടെ ശബ്ദം ഈശ്വരന്റെ മായാവിലാസമാണെന്ന് നടൻ ദിലീപ്കുമാർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
വയലാർ എഴുതിയ 'കദളി കൺകദളി, ചെങ്കദളി പൂ വേണോ...' എന്ന ഗാനത്തിന്റെ മാധുര്യം അറിയാത്ത ഏത് തലമുറയുണ്ടാവും മലയാളത്തിൽ. പി.വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി 1974 ൽ രാമുകാര്യാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ജയഭാരതി അവതരിപ്പിച്ച ആദിവാസി പെൺകുട്ടിയുടെ ചുവടുകൾക്ക് ഈണം പകർന്നുകൊണ്ടാണ് ലതാ മങ്കേഷ്കർ ഈ ഗാനം ആലപിച്ചത്. വയലാറിന്റെ ഏറ്റവും പ്രസിദ്ധവും പ്രചാരവുമുള്ള ഒരു പാട്ടായി അതിന്നും നിലനില്ക്കുന്നു. ഇതിനുമുൻപ് ചെമ്മീൻ സിനിമയിലും ലതയെക്കൊണ്ട് പാടിക്കാൻ സംഗീത സംവിധായകൻ സലിൽ ചൗധരി ശ്രമിച്ചിരുന്നു. 'കടലിനക്കരെ പോണേരേ...' എന്ന ഗാനമാണ് പാടേണ്ടിയിരുന്നത്. ഭാഷ വഴങ്ങാത്തതിനാൽ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. ചെങ്കദളിക്കുശേഷം മലയാളത്തിൽ പാടാത്തതിനു കാരണവും മലയാള ഭാഷ ഉച്ചരിക്കാനുള്ള പ്രയാസം കൊണ്ടാണെന്നാണ് ലതാമങ്കേഷ്കർ പറഞ്ഞിട്ടുള്ളത്. പക്ഷേ, കദളീ കൺകദളീ.. എന്ന ഗാനം കേട്ടവർക്ക് ലാതാജിക്ക് അതിനാവില്ലെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. മലയാളത്തിലെ സംഗീത സംവിധായകരും ലതാജിയുടെ സ്വയംപര്യാപ്തമായ സംഗീതബോധവും തമ്മിലുള്ള സംഘർഷമാവാം ആ അസുലഭ ഭാഗ്യം മലയാളത്തിന് നഷ്ടമായതിന് കാരണം എന്നും ആലോചിക്കാവുന്നതാണ്.
ലതാജിയുടെ ശബ്ദമാധുരിയിൽ അവസാനമായി പാടി റെക്കോഡ് ചെയ്തത് ഗായത്രീ മന്ത്രമാണ്. 2018 ഡിസംബർ 12 ന് വിവാഹിതരായ, മുകേഷ് അംബാനിയുടെ മകൾ ഇഷയെയും ആനന്ദ് പിരാമലിനെയും ആശീർവദിക്കാനായാണ് ഗായത്രീ മന്ത്രം റെക്കോഡ് ചെയ്തത്. അനാരോഗ്യത്താൽ വിവാഹത്തിന് എത്താൻ സാധിക്കാത്തതിനാലാണ് ഗായത്രീമന്ത്രം റെക്കോഡ് ചെയ്ത് വധൂവരന്മാർക്ക് നൽകിയത്. ചടങ്ങുകൾ നടക്കുമ്പോൾ ലതാജിയുടെ ഗായത്രീ മന്ത്രവും ഗണേശ സ്തുതിയും വേദിയിൽ മുഴങ്ങിയിരുന്നു. ലതാമങ്കേഷ്കറിന്റെ ശബ്ദം അലയടിക്കുമ്പോൾ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും വികാരാധീനരായി നിൽക്കുന്ന വീഡിയോയും അന്ന് വൈറലായിരുന്നു.
പ്രായം തളർത്താത്ത മധുരശബ്ദമായിരുന്നു, ഇതിഹാസഗായികയായ ലതയുടേത്. മേരാ ദിൽ തോഡാ, ഏക് പ്യാർ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ എത്രകേട്ടാലും ആർക്കും മതിയാവില്ല. അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയ ലതയ്ക്ക് 13 വയസു ള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പുലർത്താനുള്ള ചുമതല ലതയിൽ വന്നുചേർന്നു. അങ്ങനെയാണ് സിനിമയിൽ അഭിനയിച്ചുതുടങ്ങിയത്. പിന്നാലെ പിന്നണിഗാന രംഗത്തേക്കും എത്തി.1942 ൽ ‘കിടി ഹസാൽ’ എന്ന മറാത്തി ചിത്രത്തിൽ ‘നാചു യാ ഗാഥേ’, ‘ഖേലു നാ മണി ഹാസ് ബാരി’ എന്നീ ഗാനങ്ങൾ ആലപിച്ചു. എട്ട് പതിറ്റാണ്ടായി സംഗീതലോകത്തുണ്ട് ഇതിഹാസ ഗായിക ലതാമങ്കേഷ്കർ. ബോളിവുഡിൽ മാത്രം ആയിരത്തോളം സിനിമകളിൽ പാടി.
ആപ് കി സേവാ മേം എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂൻ കർ ജോ, മഹലിലെ 'ആയേഗാ ആനേവാലാ...', മധുമതിയിലെ 'ആജാരെ...പരദേശി...', വഹ് കോന് ഥീ യിലെ 'ലഗ് ജാ ഗെലേ...', ദോ ആംഖേം ബാരഹ് ഹാഥിലേ 'ഹേ മാലിക് തെരെ ബന്ദെ ഹം...' തുടങ്ങിയ ഗാനങ്ങൾ എല്ലാത്തരം ആസ്വാദകരും ആവർത്തിച്ചുകേൾക്കുന്നു.
കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്തിരുന്ന ലത, സംഗീതം അഭ്യസിക്കുന്നതിലും അതീവ ശ്രദ്ധചെലുത്തി. സംഗീതത്തിൽ പ്രഥമ ഗുരുവായിരുന്ന പിതാവിന്റെ വിയോഗശേഷം 1945 ൽ മുംബ യിലെത്തിയ ലത ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി. കാലക്രമത്തിൽ ശാസ്ത്രീയസംഗീതത്തിൽ അഗാധജ്ഞാനം നേടി.
ലതാമങ്കേഷ്കറുടെ ശബ്ദത്തിന്റെ സവിശേഷതകളും സിനിമാ സംഗീതത്തിൽ ആ ശബ്ദത്തിനുള്ള സാദ്ധ്യതകളും ആരംഭകാലത്തുതന്നെ തിരിച്ചറിഞ്ഞ് അവസരങ്ങൾ നല്കി പ്രോത്സാഹിപ്പിച്ചവരിൽ പ്രമുഖരാണ് സംഗീത സംവിധായകരായ ഗുലാം ഹൈദർ, അനിൽ ബിശ്വാസ്, ശ്യാം സുന്ദർ, ഹുസൻ ലാൽ ഭഗത്റാം, നൗഷാദ്, ഖേംചന്ദ് പ്രകാശ് തുടങ്ങിയവർ.
ഗാനാലാപനത്തിലെ ഏതു ദുഷ്കര അവസ്ഥയെയും പരിഹരിക്കാൻ പ്രാപ്തമായിരുന്നു ലതാ മങ്കേഷ്കറുടെ സംഗീതജ്ഞാനവും ശബ്ദവും. ലതയുടെ ശബ്ദത്തിന് അസാദ്ധ്യമായതൊന്നും സംഗീതത്തിലില്ല എന്ന നിലയിലേക്കാണ് ആ നാദധാര രൂപംപ്രാപിച്ചത്. ലതയുടെ ആരാധനയ്ക്കു പാത്രമായിരുന്ന സംഗീതജ്ഞൻ ഗുലാം അലിഖാൻ ഗായികയെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: 'ഈശ്വരന്റെ ഒരു അദ്ഭുത സൃഷ്ടി തന്നെയാണ് ലത. ആ കണ്ഠനാളത്തിൽക്കൂടി അപസ്വരം ഒരിക്കലും ബഹിർഗമിക്കുന്നില്ല'. ലതാമങ്കേഷ്കറുടെ സംഗീത സാമ്രാജ്യം ലോകത്തോളം വിസ്തൃതമാണ്. പണ്ഡിതപാമര ഭേദമില്ലാതെ ആസ്വാദകർ ആ സാമ്രാജ്യത്തിൽ പരമാനന്ദംകൊള്ളുന്നു. സിനിമാലോകത്തിന് ലതാമങ്കേഷ്കർ നൽകിയത് ലാഭങ്ങളുടെ കണക്കുമാത്രം. അത്രയേറെ ആനന്ദദീപ്തമായിരുന്നു ലതാമങ്കേഷേകറുടെ സംഗീതസാമ്രാജ്യം.