ipl

ഐ.പി.എൽ മെഗാതാരലേലം ശനിയും ഞായറും, മലയാളി താരം ശ്രീശാന്തും പട്ടികയിൽ

മുംബയ് : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഈ ശനിയും ഞായറുമായാണ് ബംഗളുരുവിൽ താരലേലം നടക്കുക. പുതിയ രണ്ട് ടീമുകൾ ഉൾപ്പടെ 10 ടീമുകളാണ് ഇക്കുറി ഐ.പി.എല്ലിൽ മാറ്റുരയ്ക്കുന്നത്. ഈ ടീമുകൾ നിലനിറുത്തിയവരല്ലാത്ത വാരങ്ങളെയാണ് ലേലത്തിൽ വയ്ക്കുക. ലേലത്തിനായി ബി.സി.സി.ഐയിൽ രജിസ്റ്റർ ചെയ്ത 1214 താരങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്യാത്തവരിൽ നിന്നുമായി 590 താരങ്ങളെയാണ് ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ രണ്ട് ടീമുകളാണ് ഇക്കുറിയുള്ളത്, ലക്നൗ സൂപ്പർ ഹീറോസും ഗുജറാത്ത് ടൈറ്റാൻസും . ഈ പുതിയ ടീമുകളിലേക്കാണ് കൂടുതൽ താരങ്ങളെത്തുക.

കഴിഞ്ഞ തവണ പേര് റജിസ്റ്റർ ചെയ്തിട്ടും ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാതെ പോയ മലയാളി താരം ശ്രീശാന്ത് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ആദ്യ കടമ്പ കടന്നു. ഇതോടെ താരലേലത്തിൽ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി.സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ശ്രീശാന്തിനെ എടുക്കുമെന്നാണ് സൂചനകൾ.

ചുരുക്കപ്പട്ടിയിലെ 590 താരങ്ങളിൽ 228 പേർ രാജ്യാന്തര തലത്തിൽ കളിച്ചിട്ടുള്ളവരും 355 പേർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ലാത്തവരുമാണ്. ഏഴു പേർ അസോഷ്യേറ്റ് രാജ്യങ്ങളിൽനിന്നുള്ളവരാണ്. ആകെ 370 ഇന്ത്യൻ താരങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. 270 പേർ വിദേശ താരങ്ങൾ.

72 കോടി രൂപ കയ്യിലുള്ള പ‍ഞ്ചാബ് ആണ് ലേലത്തിനിറങ്ങുന്ന ടീമുകളിൽ സമ്പന്നർ. ഡൽഹിയുടെ കയ്യിൽ 47.5 കോടി രൂപ മാത്രമേ ഉള്ളൂ.

48

താരലേലത്തിൽ ഏറ്റവും കൂടിയ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയുടെ പട്ടികയിൽ 48 താരങ്ങളാണുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയിൽ 20 പേരും ഒരു കോടിയിൽ 34 താരങ്ങളുമുണ്ട്.

10

ലേലത്തിനുള്ള താരങ്ങളിൽ 10 പേരെ മാർക്വീ താരങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, ട്രെന്റ്‍ ബൗൾട്ട്, പാറ്റ് കമ്മിൻസ്, ക്വിന്റൺ ഡികോക്ക്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലസി, ശ്രേയസ് അയ്യർ, കഗീസോ റബാദ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവരാണ് താരലേലത്തിലെ മാർക്വീ സാന്നിധ്യങ്ങൾ.

46

പ്രാഥമിക പട്ടികയിൽ ഇല്ലാതിരുന്ന 46 താരങ്ങൾ ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചർ, ആസ്ട്രേലിയൻ താരം ഉസ്‌മാൻ ഖ്വാജ തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. ഇവർ ഇത്തവണ ലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നില്ലെങ്കിലും വിവിധ ടീമുകൾ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.

അണ്ടർ 19 ലോകകപ്പ് താരങ്ങളും

വെസ്റ്റിൻഡീസിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ ഒരുപിടി താരങ്ങളും ചുരുക്കപ്പട്ടികയിലുണ്ട്. വിൻഡീസിൽ ഇന്ത്യയെ നയിക്കുന്ന യഷ് ദൂൽ, വിക്കി ഓസ്ട്‌വാൾ, രാജ്‌വർധൻ ഹൻഗാർഗേക്കർ തുടങ്ങിയവരാണ് അണ്ടർ 19 ലോകകപ്പ് ടീമിൽനിന്നുള്ള സാന്നിധ്യങ്ങൾ.

ഇവർക്കു പുറമേ യുവതാരങ്ങളായ ദേവ്ദത്ത് പടിക്കൽ, ഹർഷൽ പട്ടേൽ, ക്രുണാൽ പാണ്ഡ്യ, ഷാരൂഖ് ഖാൻ, ദീപക് ഹൂഡ, ആവേശ് ഖാൻ തുടങ്ങിയവരും വലിയ തുക ലക്ഷ്യമിട്ട് ലേലത്തിനുണ്ട്.

അമിത് മിശ്ര സീനിയർ

മുപ്പത്തൊൻപതുകാരനായ ഇന്ത്യൻ താരം അമിത് മിശ്രയാണ് ലേലപ്പട്ടികയിലെ ഏറ്റവും പ്രായമുള്ളയാൾ. അടിസ്ഥാന വില 1.5 കോടി രൂപ. അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്ന പതിനെട്ടു വയസുകാരൻ ഡിവാൾഡ് ബ്രെവിസും പട്ടികയിൽ ഇടംപിടിച്ചു.

∙ ടീമുകളുടെ ആവശ്യങ്ങൾ ഇങ്ങനെ

താരലേലത്തിനു മുന്നോടിയായി ചട്ടപ്രകാരം നിലനിർത്തിയ നാലു താരങ്ങൾക്കായി ചെലവഴിച്ച തുകയ്ക്കുശേഷം ഓരോ ടീമുകളുടെയും കൈവശം ലേലത്തിനായി ബാക്കിയുള്ള തുകയും ആവശ്യമുള്ള താരങ്ങളുടെ എണ്ണവും. (ടീം, ബാക്കിയുള്ള തുക, ഇന്ത്യൻ താരങ്ങളുടെ ഒഴിവ്, വിദേശ താരങ്ങളുടെ ഒഴിവ് എന്ന ക്രമത്തിൽ)

ചെന്നൈ സൂപ്പർ കിങ്സ് – 48 കോടി – 21 – 7
ഡൽഹി ക്യാപിറ്റൽസ് 47.5 കോടി – 21 – 7
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 48 കോടി – 21 – 6
ലക്‌നൗ സൂപ്പർ ജയന്റ്സ് – 59 കോടി – 22 – 7
മുംബൈ ഇന്ത്യൻസ് – 48 കോടി – 21 – 7
പഞ്ചാബ് കിങ്സ് – 72 കോടി – 23 – 8
രാജസ്ഥാൻ റോയൽസ് – 62 കോടി – 22 – 7
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – 57 കോടി – 22 – 7
സൺറൈസേഴ്സ് ഹൈദരാബാദ് – 68 കോടി – 22 – 7
ടീം അഹമ്മദാബാദ് – 52 കോടി – 22 – 7

ലേലപ്പട്ടികയിലെ വിദേശതാരങ്ങളുടെ രാജ്യം തിരിച്ചുള്ള കണക്ക്

അഫ്ഗാനിസ്ഥാൻ – 17
ഓസ്ട്രേലിയ – 47
ബംഗ്ലദേശ് – 5
ഇംഗ്ലണ്ട് – 24
അയർലൻഡ് – 5
ന്യൂസീലൻഡ് – 24
ദക്ഷിണാഫ്രിക്ക – 33
ശ്രീലങ്ക – 23
വെസ്റ്റിൻഡീസ് – 34
സിംബാബ്‍വെ – 1
നമീബിയ – 3
നേപ്പാൾ – 1
സ്കോട്‌ലൻഡ് – 2
യുഎസ്എ – 1

ലേലത്തിന് മന്ത്രിയും

പശ്ചിമ ബംഗാൾ കായിക-യുവജനക്ഷേമ മന്ത്രിയും മുൻ ഇന്ത്യൻ താരവുമായ മനോജ് തിവാരിയും ചുരുക്കപ്പട്ടികയിലുണ്ട്. 50 ലക്ഷമാണ് അടിസ്ഥാന വില. ഡൽഹി ഡെയർ ഡെവിൾസ് , കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റൈസിംഗ് പുനെ സൂപ്പർ ജയന്റ്‌സ്, പഞ്ചാബ് കിംഗ്സ് ടീമുകൾക്കായി ഐ.പി.എല്ലിൽ 98 മത്സരങ്ങൾ കളിച്ചിട്ടുള്ളയാളാണ് തിവാരി. ഏഴ് അർധ സെഞ്ച്വറികളടക്കം 1695 റൺസും സ്വന്തമാക്കിയിട്ടുണ്ട്. 2018-ൽ പഞ്ചാബ് ടീമിന് വേണ്ടിയാണ് അവസാനമായി ഐ.പി.എല്ലിൽ കളിച്ചത്.

2020-ലെ ലേലപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. 2018-ൽ ഒരു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20-യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. 2015-ലാണ് താരം അവസാനമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത്.

വേണം 3 നായകരെ, ലേലതാരമാകാൻ മത്സരം കടുക്കും

താരലേലത്തിലൂടെ മൂന്ന് ടീമുകൾക്ക് ക്യാപ്ടൻമാരെ കണ്ടെത്താനുണ്ട്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കാണ് സ്വന്തം താരങ്ങളിൽ താൽപര്യമുള്ളവരെ നിലനിർത്തിയശേഷവും ക്യാപ്ടനില്ലാത്തത്. ക്യാപ്റ്റനെ മനസ്സിൽകണ്ട് ഈ ടീമുകൾ ലേലത്തിൽ വല തുക മാറ്റിവച്ചിട്ടുണ്ടെന്നതാണ്. താരങ്ങളെ കാത്തിരിക്കുന്ന ബമ്പർ.

ക്യാപ്ടനെ തിരയുന്നവരുടെ മുന്നിൽ ആദ്യം തെളിയുന്ന പേരാണ് ശ്രേയസ് അയ്യർ. ഡൽഹി ക്യാപിറ്റൽസിനെ 2020ൽ പ്ലേ ഓഫിലെത്തിച്ച അയ്യർക്ക് പരിക്കിന്റെ നിർഭാഗ്യത്തിലാണ് കാര്യങ്ങൾ കൈവിട്ടു പോയത്. പകരക്കാരനായെത്തിയ ഋഷഭ് പന്ത് തിളങ്ങിയതോടെ ഡൽഹി പിന്നീട് ക്യാപ്ടനായി അയ്യരെ പരിഗണിച്ചില്ല. പുതിയതായെത്തിയ ലക്നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികളും അയ്യരിൽ ക്യാപ്ടനെ കാണാതെ വന്നതോടെയാണ് ലേലത്തിനെത്തുന്നത്. ആർ.സി.ബി നായകനായി ശ്രേയസിനെയാണ് കാണുന്നതെന്ന് സൂചനയുണ്ട്. കൊൽക്കത്തയും പഞ്ചാബും കൂടി അയ്യരെ നോട്ടമിട്ടിട്ടുണ്ടെങ്കിൽ റെക്കാഡ് തുക പ്രതീക്ഷിക്കാം.

ഹൈദരാബാദിൽനിന്ന് അപമാനമേറ്റ് പുറത്തു പോകേണ്ടിവന്ന ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, വിൻഡീസ് ഓൾറൗണ്ടർ ജാസൺ ഹോൾഡർ, ഇയോൻ മോർഗൻ എന്നിവരും ക്യാപ്ടൻസ്ഥാനത്തേക്കു പരിഗണിക്കാവുന്നവരാണ്.

വിരാട് കൊ‌ഹ്‌ലി ഒഴിഞ്ഞതോടെ ആർ.സി.ബിക്ക് ഗ്ലെൻ മാക്സ്‌വെലിനെ ക്യാപ്ടനാക്കാൻ അവസരമുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല. പഞ്ചാബ് മായാങ്ക് അഗർവാളിനെ ടീമിൽ നിലനിർത്തിയത് ഒരുപക്ഷേ ലേലത്തിൽ പറ്റിയ ക്യാപ്ടനെ കിട്ടിയില്ലെങ്കിൽ ആ സ്ഥാനത്തേക്ക് പരിഗണിക്കാനാണ്. ഇഷാൻ കിഷനാണ് വൻ തുക നേടാൻ സാധ്യതയുള്ള മറ്റൊരു താരം. വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാൻ ബ്രാൻഡ് വാല്യു ഉള്ള ഭാവി ക്യാപ്ടനായി പരിഗണിക്കാവുന്ന താരമാണ്.

ഡിമാൻഡ് പേസർമാർക്ക്

പാറ്റ് കമ്മിൻസ്, കഗീസോ റബാദ, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബൗൾട്ട് എന്നിവർക്കു പുറമെ ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമി, ആവേശ് ഖാൻ, ചേതൻ സാകരിയ, ഷാർദൂൽ ഠാക്കൂർ, ദീപക് ചാഹർ എന്നിവരും വൻ വില ലഭിക്കാൻ സാധ്യതയുള്ള താരങ്ങളാണ്. ചാഹറിന്റെയും ഠാക്കൂറിന്റെയും ഓൾറൗണ്ട് മികവും പ്ലസ് പോയിന്റാണ്.

സ്പിന്നർമാരിൽ യുസ്‌വേന്ദ്ര ചെഹലും വാഷിങ്ടൺ സുന്ദറും ഫ്രാഞ്ചൈസികളുടെ കീശ കുലുക്കും. വെറ്ററൻ സ്പിന്നർ ആർ.അശ്വിനും ആവശ്യക്കാരുണ്ടാകും. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള മറ്റൊരു താരം സമീപകാലത്തെ ഏറ്റവും മികച്ച ഫിനിഷറായ തമിഴ്നാടിന്റെ എം. ഷാറുഖ് ഖാൻ ആകും. പഞ്ചാബ് ഷാറുഖിനെ വിട്ടുകളഞ്ഞത് അതിശയകരമായിരുന്നു. ശിഖർ ധവാനും രാഹുൽ ത്രിപാഠിയും അമ്പാട്ടി റായുഡുവും മലയാളി താരം ദേവ്ദത്ത് പടിക്കലുമെല്ലാം ഫ്രാഞ്ചൈസികൾ ടീമിലെത്തിക്കാൻ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളാകുമെന്ന കാര്യത്തിൽ തർക്കമില്ല.

അവസാനം ആർച്ചറും

ലേലത്തിന് ആദ്യം പേര് നൽകാതിരുന്ന ഇംഗ്ലിഷ് സ്റ്റാർ പേസർ ജോഫ്ര ആർച്ചർ അവസാനം എത്തിയത് ടീമുകളുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നതാണ്. ഇടയ്ക്കിടെ പരിക്കിന്റെ പിടിയിൽ പെട്ടുപോകുന്ന ആർച്ചറുടെ ലഭ്യത തന്നെയാണ് പ്രശ്നം. വലിയ കാശിറക്കി വാങ്ങിയിട്ട് കളിക്കാനെത്തിയില്ലെങ്കിൽ നഷ്ടമാകും.

ജെയ്സൻ റോയ്, ജോണി ബെയർസ്റ്റോ എന്നീ ഇംഗ്ലീഷ് ഓപ്പണർമാരും വൻ വില കിട്ടാൻ സാധ്യതയുള്ള താരങ്ങളാണ്. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അണ്ടർ 19 ലോകപ്പിന്റെ താരം ഡെവാൽഡ് ബ്രെവിസ് വരെ ഉൾപ്പെടുന്ന താരനിരയാണ് ഐപിഎൽ ലേലത്തിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്നത്.