
കാർ കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. എന്നാൽ കടയിൽ പോയി ഏറ്റവും വില കുറഞ്ഞ ഒരു ഷാംപു വാങ്ങി കൊണ്ട് വരാറാണ് പതിവ്. ഏറെപോയാൽ വാക്സ് കോട്ടിംഗ് ഉണ്ടോ എന്ന് കൂടി നോക്കും. എന്നാൽ യഥാർത്ഥത്തിൽ കാർ ഷാംപു വാങ്ങുമ്പോൾ നോക്കേണ്ടത് വിലയോ കോട്ടിംഗ് എലമെന്റോ ഒന്നും അല്ല, അതിന്റെ പി എച്ച് വാല്യൂ ആണ്.
എന്താണ് പി എച്ച് വാല്യൂ?
നമ്മൾ ഓരോരുത്തരും സ്കൂളിൽ ചെറിയ ക്ളാസുകളിൽ പഠിച്ചിട്ടുള്ള അതേ പി എച്ച് വാല്യു തന്നെയാണിത്. വെള്ളത്തിലുള്ള ആസിഡിന്റെയോ ആൽക്കലിന്റെയോ അളവിനെയാണ് പി എച്ച് വാല്യു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പി എച്ച് വാല്യു 'ഏഴ്' ആണ് ഏറ്റവും ഉത്തമം ആയിട്ടുള്ള വെള്ളം എന്ന് പറയുന്നത്. ഇതിനെ പി എച്ച് ന്യൂട്രൽ എന്നും പറയും. ഏഴിൽ കൂടുതൽ പി എച്ച് വാല്യു ഉള്ള വെള്ളത്തിന് ആസിഡിന്റെ ഗുണങ്ങളും അതിൽ കുറഞ്ഞവയ്ക്ക് ആൽക്കലൈൻ സൊല്യൂഷന്റെ പ്രത്യേകതകളുമായിരിക്കും.
കാറിനെ ഇതെങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം
പി എച്ച് വാല്യു ഏഴ് അല്ലെങ്കിൽ പി എച്ച് ന്യൂട്രൽ ആയിട്ടുള്ള കാർ ഷാംപൂ ആണ് വാഹനം കഴുകുന്നതിന് ഏറ്റവും ഉത്തമം. പി എച്ച് ന്യൂട്രലിന് മുകളിൽ ഉള്ളതോ അതിന് താഴെയുള്ളതോ ആയ ഏതൊരു കാർ ഷാംപു വാങ്ങി ഉപയോഗിച്ചാലും വാഹനത്തിന്റെ പെയിന്റ് മങ്ങാൻ കാരണമാകും. ഇതിനു പുറമേ മിക്ക കാറുകളിലും ചൂടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചെയ്തിട്ടുള്ള യു വി കോട്ടിംഗിനെയും ഇത് ബാധിക്കും. ഫലമായി കാറിനുള്ളിൽ ചൂട് കൂടാനും കാരണമാകും. ഇത് കൂടാതെ മിക്കവരും കാറുകളിൽ ചെയ്യുന്ന ടെഫ്‌ലോൺ കോട്ടിംഗോ പതിനായിരങ്ങൾ മുടക്കി ചെയ്യുന്ന സെറാമിക് കോട്ടിംഗോ പെട്ടെന്ന് നശിച്ചു പോകാനും ഇത്തരം കാർ ഷാംപുകൾ കാരണമാകും.
പി എച്ച് വാല്യു കൂടിയ ഷാംപുകൾ ഉപയോഗിച്ചാൽ കാറിലെ അഴുക്ക് പെട്ടെന്ന് തന്നെ ഇളകിപോകുമെന്നത് കൊണ്ട് തന്നെ ചില കാർ വാഷിംഗ് സെന്ററുകളെങ്കിലും പി എച്ച് ന്യൂട്രൽ ഷാംപുകൾക്ക് പകരം പി എച്ച് വാല്യു കൂടിയ ഷാംപുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കാറിന്റെ പെയിന്റിനെ ദോഷകരമായി ബാധിക്കുമെന്നതാണ് സത്യം. അടുത്ത തവണയെങ്കിലും കാർ ഷാംപു വാങ്ങുമ്പോൾ വില നോക്കാതെ പി എച്ച് വാല്യു നോക്കിയാൽ പോക്കറ്റിൽ കാശ് കുറച്ചുനാൾ കൂടി ഇരിക്കും.