
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ മോദിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാത്ത വ്യക്തിയുടെ ചോദ്യങ്ങൾക്ക് താൻ എന്തിന് മറുപടി നൽകണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഉത്തരാഖണ്ഡിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധി മോദിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
"കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മോദിജി പറയുന്നതൊന്നും രാഹുൽ ശ്രദ്ധിക്കാറില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അർത്ഥം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇതിന്റെ അർത്ഥം എന്താണെന്ന് വച്ചാൽ കേന്ദ്ര ഏജൻസികളെ കൊണ്ട് രാഹുലിന്റ വായ മൂടിക്കെട്ടാൻ സാധിക്കില്ലെന്നാണ്. ഞാൻ ഒരിക്കലും പിന്മാറില്ല. മോദി പറയുന്നത് ഞാൻ എന്തിന് കേൾക്കണം," എന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്.
ഇന്ത്യാ - ചൈന പ്രതിസന്ധിയേയും രാജ്യത്ത് രൂക്ഷമായികൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയേയും കുറിച്ച് പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പ്രധാനമന്ത്രി ഇനിയും നൽകിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് പാർലമെന്റിൽ പറയുന്ന കാര്യങ്ങളൊന്നും രാഹുൽ ശ്രദ്ധിക്കാറില്ലെന്ന് മോദി തിരിച്ചടിച്ചത്.
രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെന്റിൽ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികൾ അതത് മന്ത്രിമാർ ഇതിനോടകം തന്നെ പാർലമെന്റിൽ നൽകികഴിഞ്ഞെന്നും അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അതേ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെ നൽകണമെന്ന് വാശിപിടിക്കുന്ന ആൾക്ക് താൻ എന്തിന് മറുപടി നൽകണമെന്നും മോദി ചോദിച്ചു.
#WATCH In an interview y'day, Modi Ji said, "Rahul doesn't listen". Did you understand what he meant? It meant that ED, CBI pressure doesn't work on Rahul, & he does not back down. Why should I listen to him?, says Congress leader Rahul Gandhi at a public rally in Uttarakhand pic.twitter.com/eEbWyq2bQx
— ANI UP/Uttarakhand (@ANINewsUP) February 10, 2022