
ഭാഷയിലെ കാവ്യാത്മകതയിൽ നിന്ന് ആ ഗുണം ഉടനീളം നിലനിറുത്തിക്കൊണ്ടു തന്നെ ഇതിവൃത്തത്തിലെ ദർശനാത്മകതയിലേക്കു യാത്ര ചെയ്യുകയായിരുന്നു പെരുമ്പടവം ശ്രീധരൻ തന്റെ സാഹിത്യജീവിതത്തിൽ. ആദ്യകാല കൃതികളായ 'അഭയം', 'അഷ്ടപദി' തുടങ്ങിയവയെ എന്റെ മനസ്സിനോടടുപ്പിച്ചത് അതിലെ ഭാഷാപരമായ കാല്പനികതയാണ്; കാവ്യാത്മകതയാണ്. കാവ്യാഖ്യാനത്തിൽ അതുവരെ ഒരു കൃതിയിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലാവണ്യപരത ആ കൃതികളുടെ വായനയിൽ അനുഭവപ്പെട്ടു. സ്കൂൾ പഠന ഘട്ടത്തിലാണ് ആദ്യമായി പെരുമ്പടവത്തെ വായിക്കുന്നത്. ഭാഷയുടെ ഇന്ദ്രജാലമായി എനിക്ക് ആ ആദ്യവായന. വായിപ്പിക്കുന്ന ഭാഷയുടെ പൂനിലാവ് എന്താണെന്നു ഞാൻ അറിയുകയായിരുന്നു. കവിതയിലല്ലാതെ കഥയിൽ നോവലിൽ ഞാൻ അതുവരെ അത്തരമൊരു ഭാഷ കണ്ടിരുന്നില്ല. ആ ഭാഷയുടെ നിലാവിലൂടെ ഒഴുകിയൊഴുകി ഞാൻ അനുഭൂതികളുടെ വിസ്മയകരമായ ഏതോ ലോകത്തെത്തി എന്നതാണു സത്യം. അതുവരെ ഗദ്യസാഹിത്യം പകർന്നുതന്നിട്ടില്ലാത്ത വിധത്തിലുള്ള അനുഭൂതികളുടെ നിസർഗസുന്ദരമായ ഒരു ഭാവപ്രപഞ്ചം. ആ രമ്യഭാഷയുടെ നിലാവള്ളികളിലൂടെ ഊർന്നിറങ്ങിയാണ് ഞാൻ ആ കൃതിയുടെ ഇതിവൃത്തത്തിലേക്കും ഭാവഘടനയിലേക്കും ചെന്നെത്തിയത്.
ബാല്യത്തിൽ തന്നെ ആശാന്റെയും ചങ്ങമ്പുഴയുടെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും ഒക്കെ കവിതകൾ പലതും ഹൃദ്യസ്ഥമാക്കിയതിന്റെ കാവ്യാനുശീലന പശ്ചാത്തലത്തോടെയാണ് 'അഷ്ടപദി'യിലേക്കും 'അഭയ'ത്തിലേക്കുമൊക്കെ എത്തിയത്. പെരുമ്പടവത്തിന്റെ രചനകളിലേക്കു കടന്നപ്പോൾ കവിതാവായനയുടെ ഒരു തുടർച്ചയായിത്തന്നെ അത് അനുഭവപ്പെട്ടു. നിസർഗസുന്ദരമായ പുതിയ ഒരു കാവ്യകൃതിയിലൂടെ കടന്നുപോകുന്നു എന്നേ തോന്നിയുള്ളു. ഗദ്യമാണ് അവ എന്നുപോലും തോന്നിയില്ല. ഭാഷയുടെ ഈ ഭാവാത്മകത എന്നെ ഭൂതാവിഷ്ടമെന്ന നിലയിൽ പിടിച്ചിരുത്തി എന്നതാണു സത്യം. മെല്ലെ മെല്ലെ, എന്റെ മനസ്സിൽ നിന്ന് ഒരു ശക്തിക്കും കുടിയിറക്കാനാവാത്ത സൗന്ദര്യാത്മകതയുടെ ഭാവസാന്നിദ്ധ്യമായി മാറുകയായിരുന്നു പെരുമ്പടവം.
ഭാഷാപരമായ കാവ്യാത്മകതയിൽ നിന്നു പടിപടിയായി കാലത്തിനനുസരിച്ച് വളരുന്ന പെരുമ്പടവത്തെയാണ് പിന്നീടു ഞാൻ കണ്ടത്. പുതിയ കാലത്തിനും അതിന്റെ ഭാഷയ്ക്കും ഭാവുകത്വത്തിനുമൊത്തു സ്വയം നവീകരിക്കുകയും പരിണമിക്കുകയും ചെയ്യുന്ന സാഹിത്യകാര വ്യക്തിത്വത്തെ ഞാൻ കണ്ടു. 'ഇരുട്ടിൽ പറക്കുന്ന പക്ഷി' മുതൽ'എന്റെ ഹൃദയത്തിന്റെ ഉടമ' വരെ, 'കൃപാനിധിയുടെ കൊട്ടാരം' മുതൽ 'വാൾ മുനയിൽ വെച്ച മനസ്സു'വരെ ഉദാഹരണങ്ങൾ എത്രയോ ഉണ്ട്. ആഖ്യാനം കൂടുതൽ ധ്വന്യാത്മകമാവുന്നതും മനസ്സിന്റെ വിലോലശ്രുതികൾ പോലും പകർന്നുവയ്ക്കുന്നതും പതിയെപ്പതിയെ ഭാഷയും ആഖ്യാനശൈലിയും ഇതിവൃത്ത സമീപനവും അതിന്റെ കൈകാര്യം ചെയ്യലുമൊക്കെ പുതിയ ഭാവഗരിമയെ ആവാഹിച്ചെടുക്കുന്നതും ഏറെ താത്പര്യത്തോടെയാണു നോക്കിക്കണ്ടത്. ഒരുതരം അനുയാത്രയായിരുന്നു അത്. ആ യാത്ര 'നാരായണ'ത്തിലേക്കും 'ഒരു സങ്കീർത്തനം പോലെ'യിലേക്കുമൊക്കെയെത്തിയപ്പോൾ പെരുമ്പടവം ഭാഷയിലും ശില്പഘടനയിലും ഭാവഭദ്രതയിലും മാറ്റങ്ങളെ ഉൾക്കൊള്ളുന്ന രീതി എന്നെ വീണ്ടും വിസ്മയിപ്പിച്ചു. 'നാരായണം' സാമൂഹികതയുടെ നവോത്ഥാനപരമായ ജീവഘടകങ്ങളെയും മതനിരപേക്ഷതയുടെ മഹനീയമായ ഒരു പ്രത്യേകതരം ആത്മീയതയെയും ഋഷിത്വത്തിന്റെ ഹിമവൽ ഗാംഭീര്യത്തെയും പ്രതിഫലിപ്പിക്കുന്നതിലൂടെ കൂടുതൽ ഭാവോദാരമായ മഹാകാശങ്ങളിൽ വ്യാപരിച്ചു. 'ഒരു സങ്കീർത്തനം പോലെ'യാകെട്ടെ, വ്യക്തിബന്ധങ്ങളിലെ സൂക്ഷ്മ സങ്കീർണതകളും ദുരൂഹ സമസ്യകളും തൊട്ടെടുക്കുന്നതായി. മനസ്സിന്റെ ആധാരശ്രുതികളെ 'ഏക ജീവിതാനശ്വര ഗാനം' ആക്കി ഉണർത്തി ഉയർത്തി എടുക്കുന്ന വിധത്തിലായി. വിശ്വസാഹിത്യകാരനായ ഫിയോദർ ദസ്തയേവ്സ്കിയും അന്നയും തമ്മിലുള്ള ബന്ധത്തിന്റെ, ആ ബന്ധത്തിന്റെ സവിശേഷതകളുടെ, അതിലെ പാരസ്പര്യ - വൈരുദ്ധ്യങ്ങളുടെ ആവിഷ്കാര വഴികളിലൂടെ മാത്രമല്ല പെരുമ്പടവം 'ഒരു സങ്കീർത്തനം പോലെ'യിൽ സഞ്ചരിക്കുന്നത്. അവിടെ പരിമിതപ്പെട്ടു നിന്നിരുന്നെങ്കിൽ അതു കേവലതയിൽ ഒതുങ്ങിനിൽക്കുന്ന ഒരു നോവൽ മാത്രമേ ആവുമായിരുന്നുള്ളു. പെരുമ്പടവം ഈ കൃതിയിൽ വ്യക്തി മനസ്സുകളുടെ നിഗൂഢ സഞ്ചാര വഴികളെ, ആ വഴികളിലെ ദുരൂഹമായ വളവുതിരിവുകളെ, പുറത്തുള്ളവർക്കു മനസ്സിലാക്കാൻ കഴിയാത്ത വ്യക്തി ബന്ധങ്ങളിലെ സ്നേഹ - ദ്വേഷ സമ്മിശ്രമായ സവിശേഷതകളെ ഒക്കെ കണ്ടെത്തുകയും സർഗ്ഗാത്മകമായി അനശ്വരതയിൽ അടയാളപ്പെടുത്തുകയുമാണ് പെരുമ്പടവം ചെയ്തത്.
രണ്ടു കാര്യങ്ങൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. തന്റെ തലമുറയിലെ പല എഴുത്തുകാരും ആധുനികതയുടെ, അത്യാധുനികതയുടെ, ഒടുവിൽ ഉത്തരാധുനികതയുടെ അളവുകൾക്കനുസരിച്ചുള്ള കുപ്പായങ്ങൾ തീർത്തുകൊണ്ടിരുന്നപ്പോൾ പെരുമ്പടവം അത്തരം പരിഷ്കാരങ്ങളിലൊന്നും ഭ്രമിച്ചില്ല. ഈ മണ്ണിലും മനസ്സിലും ഉറച്ചുനിന്നു. ഈ സമീപനസ്ഥൈര്യം ശ്രദ്ധേയമാണ്. അതു സഫലമായി. കുറേപേർ സംഘടിതമായി ദീർഘകാലം ശ്രമിച്ചിട്ടും മലയാളത്തിന്റെ മണവും രുചിയും കനിവും നനവും അപ്പാടെ ഭാഷയിൽ നിന്നു ചോർന്നുപോകാതെ കുറച്ചൊക്കെയെങ്കിലും നിലനിന്നത് പെരുമ്പടവത്തെ പോലുള്ളവർ ഭാഷയുടെ ഭാവാത്മക സാധ്യതകളിൽ കാട്ടിയ നിഷ്കർഷ കൊണ്ടാണ്. അതിനു മലയാളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.