
വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന ഏറെ വിവാദമാണ് സൃഷ്‌ടിച്ചത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തന്നെ മറുപടി നൽകുകയും ചെയ‌്തു.
യുപി കേരളം പോലെയായാൽ അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു. ഇത് ഇടതുപക്ഷം ഏറ്റെടുക്കുകയും ചെയ‌്തു.
ഇപ്പോഴിതാ പ്രസ്‌തുത വിഷയത്തിൽ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. എന്നിങ്ങനെയാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവൻ ജയിലിലടച്ചു. പിന്നെ ടി. പി. ആർ ഒരിക്കൽപോലും ഇരുപത് കടന്നിട്ടില്ല. ഒരു കൊവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ......'