lic-ipo

കൊച്ചി: എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള (ഐ.പി.ഒ) അപേക്ഷ (ഡി.ആർ.എച്ച്.പി) ഇന്ന് സെബിക്ക് സമർപ്പിച്ചേക്കും. ഇൻഷ്വറൻസ് റെഗുലേറ്റർമാരായ ഐ.ആർ.ഡി.എ.ഐയുടെ അനുമതി ഐ.പി.ഒയ്ക്ക് ലഭിച്ചു.

എൽ.ഐ.സി ഐ.പി.ഒ ഉടനുണ്ടാകുമെന്ന് ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. നടപ്പുവർഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്ന സമാഹരണം ബഡ്‌ജറ്റിൽ 1.75 ലക്ഷം കോടി രൂപയിൽ നിന്ന് 78,000 കോടി രൂപയായി ധനമന്ത്രി കുറച്ചിരുന്നു. ഇതിനകം ഈവർഷം സമാഹരിച്ചത് 9,300 കോടി രൂപയോളമാണ്. ഈ സാഹചര്യത്തിൽ, പുതുക്കിയ ലക്ഷ്യംകാണാൻ എൽ.ഐ.സി ഐ.പി.ഒ കേന്ദ്രത്തിന് നിർണായകമാണ്.

ഇന്ത്യയിലെ വമ്പൻ ഐ.പി.ഒ

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് എൽ.ഐ.സി സജ്ജമാകുന്നത്. നിലവിൽ കമ്പനിയുടെ 100 ശതമാനം ഓഹരികളും സർക്കാരിന്റെ കൈയിലാണ്. ഇതിൽ 5-10 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് നീക്കം. ഇതിലൂടെ 70,000 കോടി മുതൽ ഒരുലക്ഷം കോടി രൂപവരെ ഉന്നമിടുന്നു. പേടിഎം കഴിഞ്ഞ നവംബറിൽ സമാഹരിച്ച 18,500 കോടി രൂപയാണ് നിലവിലെ റെക്കാഡ്.

₹15 ലക്ഷം കോടി

ലക്ഷ്യം ഭീമമായതിനാൽ രണ്ടുഘട്ടങ്ങളിലായാകും ഐ.പി.ഒയെന്ന് സൂചനയുണ്ട്. ഐ.പി.ഒയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയായി എൽ.ഐ.സി മാറും. 13-15 ലക്ഷം കോടി രൂപയാണ് മൊത്തം വിപണിമൂല്യം വിലയിരുത്തുന്നത്. റിലയൻസ് ഇൻഡസ്‌ട്രീസാണ് ഏറ്റവും വലിയ കമ്പനി.

കരുത്തൻ എൽ.ഐ.സി

ലോകത്തെ തന്നെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനികളിലൊന്നാണ് എൽ.ഐ.സി. 44 ലക്ഷം കോടി രൂപയാണ് മൊത്തം ആസ്തിമൂല്യം. 29 കോടി പോളിസി ഉടമകളുണ്ട്. പോളിസിമൂല്യം 34.3 ലക്ഷം കോടി രൂപ. ശാഖകൾ 2,000ലേറെ. ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരുമാണ് എൽ.ഐ.സി. മൊത്തം നിക്ഷേപം 9.53 ലക്ഷം കോടി രൂപ മതിക്കും.

 ഐ.ഡി.ബി.ഐ ബാങ്ക്, എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്, ഐ.ടി.സി., എസ്.ബി.ഐ., ഇൻഫോസിസ്, ടി.സി.എസ്., എം.ടി.എൻ.എൽ., ഓയിൽ ഇന്ത്യ, എൽ ആൻഡ് ടി., കാസ്‌ട്രോൾ ഇന്ത്യ തുടങ്ങി നിരവധി കമ്പനികളിൽ നിക്ഷേപമുണ്ട്.