faizal

മലപ്പുറം: ജീവിതത്തിന്റെ സകല മേഖലകളിലും പുതുതലമുറ വ്യത്യസ്തത തേടി പോവുന്ന കാലത്ത് അതിനനുസൃതമായ മാർക്കറ്റിംഗ് സംവിധാനം ഉണ്ടാവുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഭക്ഷണം കഴിച്ചാൽ വയറും മനസും നിറയണമെന്ന് പറയുന്നത് പോലെ വില കൊടുത്ത് വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുമ്പോൾ വീടിന്റെ മനോഹാരിതക്കൊപ്പം മനസും നിറയണം.
കാലങ്ങളായി ഫർണിച്ചർ ബിസിനസ് രംഗത്തുള്ള മലപ്പുറം കോട്ടയ്ക്കൽ സ്വദേശി തോട്ടത്തിൽ ഫൈസൽ തന്റെ മേഖലയിൽ പുതിയ കാൽവെപ്പുകൾ നടത്തുകയാണ്. ഏറെ കാലമായി ഫർണിച്ചർ വിൽപ്പന നടത്തുന്ന മിമ്കോ എന്ന കമ്പനി ഉടമയാണ് അദ്ദേഹം. പൂർണ ഉത്തരവാദിത്വത്തോടെ ഫർണിച്ചർ വിൽപ്പന നടത്തുന്ന ഫൈസലിപ്പോൾ വ്യത്യസ്തതകൾ നിറഞ്ഞ ഊഞ്ഞാലുകളെ കുറിച്ച് പഠിക്കുന്ന തിരക്കിലാണ്. 'ആടിക്കോ" എന്ന ബ്രാന്ഡ് നെയിമിൽ അറിയപ്പെടുന്ന ഫൈസലിന്റെ ബിസിനസ് സമ്പ്രദായമിന്ന് കേരളത്തിലുടനീളം സുപരിചിതമാണ്.
ഫർണിച്ചറിലെ എല്ലാവിധ ആഢംബര ഉത്പ്പന്നങ്ങളും പക്കലുണ്ടെങ്കിലും മിതമായ വിലയിൽ സാധാരണക്കാരുടെ പോക്കറ്റിനിണങ്ങുന്ന മുന്തിയ ഇനം ഉത്പന്നങ്ങളുടെ ശേഖരമൊരുക്കാനും ഫൈസൽ മറന്നിട്ടില്ല. മനസിന് സംതൃപ്തിയേറുന്ന ഗുണവും ഈടും വില നിലവാരവുമെല്ലാം കമ്പനിയുടെ പ്രത്യേകതയാണ്. ആദ്യ കാലങ്ങളിൽ വലിയ തറവാടുകളിലും മറ്റും നടുത്തളത്തിൽ വലിയ ഊഞ്ഞാലുകൾ ഉണ്ടാവാറുണ്ടായിരുന്നു. എന്നാൽ ക്രമേണ അത്തരമൊരു സംവിധാനം പടികടന്നു.
ഇപ്പോൾ വീണ്ടും വീടുകളിലേക്ക് ഊഞ്ഞാലുകൾ എത്തി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വീട് നിർമിക്കുന്ന മിക്ക ആളുകളും ഊഞ്ഞാലിനും സ്ഥലം കണ്ടെത്താറുണ്ട്. ആടിക്കോ പോലെയുള്ള ഊഞ്ഞാൽ കമ്പനികൾ മിതമായ വിലയിൽ എല്ലാവരിലേക്കും വ്യത്യസ്തമായ ഊഞ്ഞാലുകൾ എത്തിച്ചു തുടങ്ങിയതോടെയാണ് ഊഞ്ഞാലുകളോടുള്ള പ്രിയം ജനമനസുകളിൽ സജീവമായത്.

ആശാരിയിൽ നിന്ന് 'ആടിക്കോ"യിലേക്ക്

ഫൈസലിന്റെ ജീവിതത്തിലെ ലക്ഷ്യബോധമാണ് മിമ്കോ എന്ന ഫർണിച്ചർ കമ്പനിയും ആടിക്കോ എന്ന ഊഞ്ഞാൽ കമ്പനിയുമെല്ലാം പടുത്തുയർത്തിയത്. ഒരു സാധാരണ നാട്ടിൻപുറത്തുകാരന്റെ ജീവിതശൈലിയിലൂടെ തന്നെയായിരുന്നു ഫൈസലും കടന്നുപോയിരുന്നത്. സ്കൂളിൽ എട്ടാം ക്ലാസിൽ പരാജയപ്പെട്ടിരുന്നു. ക്ലാസിൽ തോറ്റാൽ പഠനം അവസാനിപ്പിക്കുന്ന പൊതുശീലത്തോട് ഫൈസൽ പൊരുതി ജയിച്ചു. ട്യൂട്ടോറിയൽ കോളേജിൽ പോയി പത്താം ക്ലാസ് പഠിച്ചു.
ഏഴ് മാർക്കിനാണ് എസ്.എസ്.എൽ.സിക്ക് തോറ്റത്. പിന്നീട് പതിയെ ബിസിനസ് രംഗത്തേക്ക് കാൽവെച്ചു. തന്റെ 19ാം വയസിൽ ഫർണിച്ചർ നിർമാണ ശാലയിൽ ചേർന്ന് ആശാരിപ്പണി പഠിച്ചു. പിന്നീട് പുത്തനത്താണിയിലെ മറ്റൊരു ഫർണിച്ചർ കമ്പനിയിൽ സൂപ്പർവൈസറായി. ബിസിനസ് രീതിയും മറ്റും അവിടെ നിന്ന് സ്വായത്തമാക്കി. തുടർന്ന് മിമ്കോ എന്ന ഫർണിച്ചർ കമ്പനി ആരംഭിച്ചു. ഇതോടെ പേരും മിമ്കോ ഫൈസൽ എന്നായി മാറി. വളരെ വേഗത്തിലായിരുന്നു മിമ്കോ പ്രസിദ്ധിയാർജ്ജിച്ചത്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന സോഫകൾ മിമ്കോയിൽ ഫൈസൽ നിർമ്മിച്ചെടുത്തു. ഇവ കേരളത്തിൽ പെട്ടെന്ന് ജനകീയമായതോടെ തമിഴ്‌നാട്ടിൽ നിന്നടക്കം ആവശ്യക്കാരെത്തി. ബിസിനസ് പന്തലിച്ചതോടെ പഠിച്ച സ്കൂളുകളിൽ നിന്നടക്കം അഭിനന്ദന പ്രവാഹമായി.
സോഫയിൽ നിന്ന് തുടങ്ങി ഇതിനോടകം നൂറുകണക്കിന് വ്യത്യസ്തമാർന്ന ഫർണിച്ചർ ഉത്പന്നങ്ങളാണ് കമ്പനിയിൽ നിർമ്മിക്കുന്നത്. ഇതിനിടയിൽ ഊഞ്ഞാൽ ആവശ്യപ്പെട്ട് ഒരാൾ കടയിലെത്തിയതാണ് 'ആടിക്കോ" കമ്പനി നിലവിൽ വരാനുണ്ടായ കാരണം. ബിസിനസ് രംഗത്തുള്ളവരോട് ഊഞ്ഞാലിന്റെ സാദ്ധ്യതകളെ കുറിച്ച് ഫൈസൽ അന്വേഷിച്ചിരുന്നു. കേരളത്തിലേക്ക് ഊഞ്ഞാലുകൾ എത്തിച്ചിരുന്ന വിദേശ കമ്പനികളുടെ പ്രൊഡക്ഷൻ കുറഞ്ഞിട്ടുണ്ടെന്നാണ് സുഹൃത്തുകളടക്കം ഫൈസലിനോട് പറഞ്ഞിരുന്നത്. ആ ഒരു വാക്കിലെ സാദ്ധ്യതകളെയായിരുന്നു ഫൈസൽ ആദ്യം മനസിൽ കണ്ടത്. ഊഞ്ഞാലുകളുടെ ഡിസൈനുകളെ കുറിച്ച് പഠിച്ചെടുത്തും സ്വന്തമായി രൂപകല്പന നടത്തിയും ഫൈസൽ സാധാരണക്കാരിലേക്കടക്കം ഊഞ്ഞാലുകൾ എത്തിക്കാനുള്ള വഴികളെ കുറിച്ച് ആലോചിച്ചു. കമ്പനിയുടെ പേര് മലയാളത്തിൽ ആവണമെന്നതും നിർബന്ധമായിരുന്നു. കുടുംബത്തിലുള്ളവരുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ അഞ്ചുമാസം മുമ്പാണ് ആടിക്കോ എന്ന ഊഞ്ഞാൽ കമ്പനി കോട്ടയ്ക്കൽ പാറപ്പുറത്ത് പ്രവർത്തനമാരംഭിച്ചത്. ഇതിനോടകം കേരളത്തിനകത്തും പുറത്തും നിന്ന് നൂറുകണക്കിന് ആളുകളാണ് ഊഞ്ഞാലിനായി ഫൈസലിനെ സമീപിച്ചിട്ടുള്ളത്

ഡിസൈനിലും ഫൈസലാണ് താരം

സ്വന്തമായി ഡിസൈൻ കണ്ടെത്തിയാണ് ഫൈസൽ ഊഞ്ഞാൽ നിർമ്മിക്കുന്നത്. ഊഞ്ഞാലിൽ മാത്രമല്ല, ഫർണിച്ചറുകളുടെ ഡിസൈനുകളും അങ്ങനെ തന്നെ. ഡിസൈൻ ചെയ്യാൻ കമ്പ്യൂട്ടറോ മറ്റോ വേണമെന്നില്ല. സ്വന്തം കൈപ്പടയിൽ പേപ്പറിൽ വരച്ചു ചേർക്കുന്ന ഡിസൈനുകളാണ് പിന്നീട് മനോഹര ഉല്പന്നങ്ങളായി മാറുന്നത്. ഫൈസലിന്റെ വരയുടെ രീതിയും അടയാളങ്ങളുമെല്ലാം കമ്പനിയിലെ തൊഴിലാളികൾക്ക് പെട്ടെന്ന് മനസിലാവുകയും ചെയ്യും. ഇതിനോടകം നിരവധി ഡിസൈനുകളിലുള്ള ഊഞ്ഞാലുകളും ഫർണിച്ചറുകളുമാണ് പുറത്തിറക്കിയിട്ടുള്ളത്. ചെറിയ കുട്ടികൾക്ക് മുതൽ മുതിർന്ന ആളുകൾക്കടക്കം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഊഞ്ഞാലുകളാണ് നിർമിച്ചിട്ടുള്ളത്. വീടിന്റെ നടുത്തളത്തിൽ തൂക്കിയിടാവുന്ന വീതിയേറിയ ഊഞ്ഞാലുകളും, ചെറിയ കുട്ടികൾക്ക് മാത്രമായുള്ള ചെറിയ ഊഞ്ഞാലുകളും കമ്പനി തയ്യാറാക്കുന്നു. വീട്ടിൽ വളർത്തുന്ന നായകുട്ടികൾക്കും മറ്റും വിശ്രമിക്കാവുന്ന തരത്തിലുള്ള ഊഞ്ഞാലുകളും പ്രത്യേകതയാണ്. ബിസിനസ് രംഗത്ത് വലിയ വിജയം ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. സാഹിറയാണ് ഭാര്യ. മുഹമ്മദ് മുഫ്‌ളിഹ്, മുഷ്‌ബിറ ഷെറിൻ, മുഷ്റഫ് എന്നിവർ മക്കളാണ്.