corona

വാഷിംഗ്ടൺ : യുഎസിൽ മാസ്കുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ പിൻവലിച്ച് ന്യൂയോർക്ക് സംസ്ഥാനം. ഡെമോക്രാറ്റുകൾ അധികാരത്തിലുള്ള സംസ്ഥാനമാണ് ന്യൂയോർക്ക്. റിപ്പബ്ലിക്കൻ ഭരണമുള്ള ടെക്സസ്, ഫ്ലോറിഡ സംസ്ഥാനങ്ങൾ മാസ്കിന് മേലുള്ള കർശന നിയന്ത്രണങ്ങൾ നേരത്തെ പിൻവലിച്ചിരുന്നു. കൊവിഡ് കേസുകളിൽ കുറവ് വന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലെ അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന നിയമം പുതുക്കുന്നില്ലെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു.

ഇൻഡോർ ഇടങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന നിബന്ധനയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. അതേ സമയം, മാസ്ക് നിർബന്ധമാക്കണോ എന്ന് ഇനി സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ, അടുത്ത ഒരുമാസത്തേക്ക് കൂടി ന്യൂയോർക്കിലെ സ്കൂളുകളിൽ മാസ്ക് കർശനമായി തുടരും. ഇല്ലിനോയി സംസ്ഥാനത്ത് ഇൻഡോർ മാസ്ക് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിലുണ്ടാകില്ല. സ്കൂളുകളിൽ മാസ്ക് നിർബന്ധമായി തുടരും.

കാലിഫോർണിയയിൽ വാക്സിനേറ്റഡായിട്ടുള്ളവർക്ക് ഫെബ്രുവരി 15 മുതൽ ഇൻഡോർ മാസ്ക് നിർബന്ധമല്ല. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർ മാസ്ക് ഉപയോഗിക്കണം. ഒറിഗൺ സംസ്ഥാനത്ത് മാർച്ച് 31ന് ശേഷം മാസ്ക് കർശനമല്ലാതാകും. ഡെലാവെയറിൽ നാളെ മുതൽ മാസ്ക് കർശനമല്ലെങ്കിലും സ്കൂളുകളിൽ മാർച്ച് 31 വരെ നിർബന്ധമാണ്.

ന്യൂജേഴ്സിയിൽ മാർച്ച് 7 മുതൽ സ്കൂളുകളിൽ കുട്ടികൾക്കും ജീവനക്കാർക്കും മാസ്ക് കർശനമല്ല. കണക്റ്റികട്ടിലും മസാച്യുസെറ്റ്സിലും ഫെബ്രുവരി 28ന് ശേഷം സ്കൂളുകൾക്ക് മാസ്ക് കർശനമല്ലാതാക്കാമെന്ന് നിർദ്ദേശമുണ്ട്. അതേ സമയം, യു.എസിൽ ഫെഡറൽ സ്ഥാപനങ്ങൾ, ട്രെയിൻ, ബസ് സ്റ്റേഷനുകൾ, എയർപോർട്ട് എന്നിവിടങ്ങളിൽ മാസ്ക് കർശനമാണ്.