
മുംബയ്: ഓൺലൈൻ പ്ളാറ്റ്ഫോമുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും വായ്‌പകൾ നൽകുന്നതിനുള്ള ചട്ടം വൈകാതെ റിസർവ് ബാങ്ക് പുറത്തിറക്കും. ചട്ടരൂപീകരണത്തിനുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞ നവംബറിൽ റിസർവ് ബാങ്ക് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിക്ക് മുമ്പാകെ പൊതുജനങ്ങൾക്കും മറ്റും അഭിപ്രായങ്ങൾ നൽകാൻ ഡിസംബർ 31വരെ സമയവും നൽകിയിരുന്നു.
പൊതുജനാഭിപ്രായങ്ങളും കണക്കിലെടുത്തുള്ള ചട്ടങ്ങളാണ് കൊണ്ടുവരികയെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രാജേശ്വർ റാവു പറഞ്ഞു. റീട്ടെയിൽ ഡിജിറ്റൽ പേമെന്റുകൾക്കുള്ള പുതിയ സംവിധാനം (ന്യൂ അംബ്രല്ല എൻറ്റിറ്റി) ഒരുക്കാനുള്ള അപേക്ഷകൾ ലഭിച്ചുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യോഗ്യരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറ്റു തിരക്കുകളിലായതാണ് കാലതാമസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.