
ന്യൂഡൽഹി: വാടക അടയ്ക്കാൻ പോലും കഴിവില്ലാത്തവരാണോ കോൺഗ്രസുകാർ?.പാർട്ടി ആസ്ഥാനത്തിനു പുറമേ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിക്കുപോലും വാടക കൊടുത്തിട്ട് വർഷങ്ങളായി. വ്യക്തമായി പറഞ്ഞാൽ 2012 ഡിസംബറിലാണ് അക്ബര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് ആസ്ഥാനത്തിന് അവസാനമായി വാടക നല്‍കിയത്. അന്നുമുതൽ ഇന്നുവരെ നൽകാനുള്ള കുടിശിക 12.69 ലക്ഷം രൂപയാണ്. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്കും വാടക കുടിശികയുണ്ട്. 4610 രൂപയാണ് അടയ്ക്കാനുള്ളത്. 2020 സെപ്റ്റംബറിലാണ് ഔദ്യോഗിക വസതിയുടെ വാടക അവസാനമായി നല്‍കിയത്. പൊതുപ്രവര്‍ത്തകനായ സുജിത് പട്ടേല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിൽ കേന്ദ്ര ഹൗസിംഗ് നഗര വികസന മന്ത്രാലയമാണ് വാടക കുടിശിക സംബന്ധിച്ച് മറുപടി നൽകിയത്.
പാർട്ടി ആസ്ഥാനത്തിനും അദ്ധ്യക്ഷയുടെ വസതിക്കും പുറമേ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് താമസിക്കുന്ന ചാണക്യപുരിയിലെ ബംഗ്ലാവിനുള്ള വാടകയും 2013 ഓഗസ്റ്റിന് ശേഷം നല്‍കിയിട്ടില്ല. 5,07,911 രൂപയാണ് കുടിശിക നൽകാനുള്ളത്.
സ്വന്തമായി ആസ്ഥാനം നിർമ്മിക്കാൻ കോണ്‍ഗ്രസിന് 2010 ജൂണില്‍ റോസ് അവന്യൂവില്‍ സ്ഥലം അനുവദിച്ചതാണ്. 2013ല്‍, ഇപ്പോഴത്തെ പാർട്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടമുൾപ്പടെ ഒഴിയണമെന്നുകാട്ടി അധികൃതർ നോട്ടീസും നൽകിയിരുന്നു. എന്നാൽ സാവകാശം വേണമെന്ന പാർട്ടിയുടെ അഭ്യർത്ഥന പരിഗണിച്ച് നടപടികൾ ഒന്നും ഉണ്ടായില്ല. അതേസമയം, സോണിയാഗാന്ധി വാടക നൽകാത്തതിനെ വിമർശിച്ച് ബി ജെ പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.