
ഹരീഷ് പേരടിയെയും നിഷ സാരംഗിനെയും നായകനും നായികയുമാക്കി നവാഗതനായ രാധേ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 25ന് കോഴിക്കോട് ആരംഭിക്കും. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഹരീഷ് പേരടി ആദ്യമായി നായിക വേഷം അണിയുന്നു. പ്രൊഡക്ഷൻ കൺട്രോളറായ ശ്യാം തൃപ്പൂണിത്തുറ ആണ് രാധേശ്യാം എന്ന പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. ''രാധേശ്യാം എന്നാണ് പേര്. സിനിമയിൽ വന്നപ്പോൾ ശ്യാം എന്ന പേരിൽ ഒരുപാടു പേരുണ്ടായിരുന്നപ്പോൾ അമ്പിളിച്ചേട്ടനാണ് ( ജഗതി ശ്രീകുമാർ) ശ്യാം തൃപ്പൂണിത്തുറ എന്ന പേരിട്ടത്. സിനിമയിൽ എത്തിയിട്ട് മുപ്പതു വർഷമായി.'' രാധേശ്യാം പറഞ്ഞു.ഇന്ദ്രൻസ്, അജു വർഗീസ്, ഹരീഷ് കണാരൻ, സെന്തിൽകൃഷ്ണ, ജാഫർ ഇടുക്കി, ജയപ്രകാശ് കുളൂർ, അഖില, അമല കുര്യൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. പ്രശസ്ത നാടക പ്രവർത്തകൻ എ. ശാന്തകുമാറാണ് തിരക്കഥ ഒരുക്കുന്നത്. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും എ. ശാന്തകുമാറാണ്.എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ : അയൂബ്ഖാൻ, ഗാനരചന: സന്തോഷ് വർമ്മ. സംഗീതം: പ്രകാശ് അലക്സാണ്ടർ. അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത്. വി മേനോൻ. എൻ.എം. മുവീസിന്റെ ബാനറിൽ നസീറാണ് ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ എ.എസ്. ദിനേശ്.