
ബംഗളൂരു:ഹിജാബ് കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി, അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതിയും.
അന്തിമ ഉത്തരവ് വരെ കാമ്പസുകളിൽ പ്രകോപനം ഉണ്ടാക്കുന്ന മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധം പിടിക്കരുതെന്നും തൽസ്ഥിതി തുടരണമെന്നും കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.
കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
കോളജുകൾ എത്രയും വേഗം തുറക്കണമെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസ്‌മാരായ ജെ. എം. ഖാസി,
കൃഷ്ണ എസ്. ദീക്ഷിത് എന്നിവരുടെ മൂന്നംഗ ബെഞ്ച്
ആവശ്യപ്പെട്ടു.എത്രയും വേഗം തീർപ്പുണ്ടാക്കുമെന്നും അതിന് ശാന്തിയും സമാധാനവും പുലരണമെന്നും കോടതി പറഞ്ഞു. കേസിൽ കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാദ്ധ്യമങ്ങളോടും ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം, കർണാടകയിൽ തിങ്കളാഴ്ച മുതൽ 9, 10 ക്ലാസുകളിൽ പഠനം പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കോളേജുകളടക്കമുള്ളവ തുറക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. എട്ടാം ക്ലാസ് വരെയുള്ളവ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും സംയമനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭ്യർത്ഥിച്ചു. ബംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സുപ്രീംകോടതി നിലപാട്
കർണാടക ഹൈക്കോടതിയിലെ ഹർജികൾ അടിയന്തരമായി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കർണാടക ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതിനാലാണ് കേസിൽ ഇടപെടാത്തത്. ഹൈക്കോടതിക്ക് നിലപാടെടുക്കാൻ ഒരു ദിവസമെങ്കിലും വേണം. ഇപ്പോൾ ഇടപെട്ടാൽ വളരെ നേരത്തേ ആയിപ്പോകുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
കപിൽ സിബലിന്റെ വാദങ്ങൾ
ശബരിമലയിലേത് അടക്കമുള്ള വിശ്വാസ പ്രശ്നങ്ങൾ തീർപ്പാക്കാൻ സുപ്രീം കോടതി നിയോഗിച്ച ഒൻപതംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഹിജാബ് കേസ് മാറ്റണം.
ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാമോ എന്ന ചോദ്യം ഭരണഘടനാ ബെഞ്ച് പരിശോധിക്കണം.
ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് നേരെ കല്ലേറുണ്ടായി. കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. സംസ്ഥാനത്ത് പരീക്ഷകൾ ഉടൻ നടക്കാനിരിക്കയാണ്.
വിഷയം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതിനാൽ സുപ്രീം കോടതി ഇടപെടണം.
നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്ഥാൻ
ഹിജാബ് വിവാദത്തിൽ നയതന്ത്ര ഉദ്യോഗസ്ഥനായ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി ആശങ്കയറിയിച്ച് പാകിസ്ഥാൻ. മുസ്ലീം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും പാക് വിദേശ മന്ത്രാലയം പറഞ്ഞു. അതേസമയം, സ്വയം ആത്മപരിശോധന നടത്തിയശേഷം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ മതിയെന്ന് സുരേഷ് പാക് പ്രതിനിധികളോട് പറഞ്ഞു.