
ചേർത്തല: യോഗം അംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ, കമ്പനി നിയമത്തിൽ ഇളവ് തേടി സംസ്ഥാന സർക്കാരിനെ സമീപിക്കാൻ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
നിലവിലുള്ള 32 ലക്ഷത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ച് വോട്ടെടുപ്പ് നടത്തുന്നത് അസാദ്ധ്യമായ സാഹചര്യത്തിലാണ് തീരുമാനം. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. ഹൈക്കോടതി വിധിയുടെയും നിലവിലുള്ള വോട്ടർ പട്ടികയുടെയും അടിസ്ഥാനത്തിൽ കമ്പനി ചട്ട പ്രകാരമുള്ള നോട്ടിഫിക്കേഷൻ ഇല്ലാത്തതിനാൽ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലുള്ള റിട്ടേണിംഗ് ഓഫീസർ ഫെബ്രുവരി 5ന് രാജി സമർപ്പിച്ചിരുന്നു. ഇന്നലെ കൂടിയ ബോർഡ് യോഗം രാജി അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുയോഗ തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കാനും തീരുമാനിച്ചു. നിലവിലെ ഭാരവാഹികളും ബോർഡും തുടരുന്നതിൽ നിയമ തടസമില്ലെന്നും യോഗം വിലയിരുത്തി.
1974 ൽ പ്രൊഫ. പി.എസ്. വേലായുധൻ ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് പ്രാതിനിദ്ധ്യ വോട്ടവകാശം വഴി വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തുന്നതിന് കേന്ദ്ര സർക്കാരിനെ സമീപിച്ചത്. 1975 ൽ യോഗം ബൈലോ ദേദഗതി ചെയ്തു. ഒരു ശാഖയിൽ നിന്ന് 100 അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്ന നിലയിൽ പ്രാതിനിധ്യ പൊതുയോഗം കൂടി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. അന്ന് ആകെ 60,000 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 1999 ആയപ്പോഴെക്കും യോഗത്തിന്റെ അംഗസംഖ്യ 12 ലക്ഷമായി വർദ്ധിച്ചതിനാൽ 200 അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്ന നിലയിൽ യോഗം ബൈലോ 44 ദേദഗതി ചെയ്തു. ഇപ്രകാരമാണ് കഴിഞ്ഞ തവണ വരെ ഭാരവാഹികളേയും ബോർഡ് അംഗങ്ങളെയും തിരഞ്ഞെടുത്തത്. നിലവിലെ വോട്ടിംഗ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെ, ഫെബ്രുവരി 5ന് നിശ്ചയിച്ചിരുന്ന
തിരഞ്ഞെടുപ്പ് വരണാധികാരി മാറ്റിവച്ചിരുന്നു.
ചേർത്തല ട്രാവൻകൂർ പാലസിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു.