
കൊച്ചി: നാണയപ്പെരുപ്പ നിയന്ത്രണത്തിന് പകരം സമ്പദ്‌വളർച്ചയ്ക്ക് ഊന്നലുമായി മുഖ്യ പലിശനിരക്കുകൾ നിലനിറുത്തിയ റിസർവ് ബാങ്കിന്റെ തീരുമാനം ഓഹരികൾക്ക് നേട്ടമായി. സെൻസെക്‌സ് 460 പോയിന്റുയർന്ന് 58,926ലും നിഫ്‌റ്റി 142 പോയിന്റ് നേട്ടത്തോടെ 17,605ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റാ സ്‌റ്റീൽ, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി., കോട്ടക് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, എൻ.ടി.പി.സി എന്നിവയാണ് സെൻസെക്‌സിൽ നേട്ടമുണ്ടാക്കിയ പ്രമുഖർ. മാരുതി സുസുക്കി, അൾട്രടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവ നഷ്‌ടം നേരിട്ടു.
നിഫ്‌റ്റിയിൽ ബാങ്ക്, ധനകാര്യ സേവനം, ഐ.ടി., മെറ്റൽ, സ്വകാര്യ ബാങ്ക് സൂചികകൾ നേട്ടം കൊയ്‌തു. പൊതുമേഖലാ ബാങ്ക്, വാഹന സൂചികകൾ നഷ്‌ടത്തിലേക്ക് വീണു.
ഡോളറിനെതിരെ പത്തുപൈസ ഇടിഞ്ഞ് 74.94ലാണ് രൂപ വ്യാപാരാന്ത്യമുള്ളത്. പലിശനിരക്കുകൾ നിലനിറുത്തിയ റിസർവ് ബാങ്ക് തീരുമാനത്തിന് പിന്നാലെ 10-വർഷ സർക്കാർ ബോണ്ട് യീൽഡ് കഴിഞ്ഞവാരത്തെ 6.9 ശതമാനത്തിൽ നിന്ന് 6.7 ശതമാനത്തിലേക്ക് ഇടിഞ്ഞു.
അമേരിക്കയിലെ നാണയപ്പെരുപ്പം 40 വർഷത്തിനിടയിലെ ഏറ്റവും ഉയരമായ 7.5 ശതമാനമാണ് ജനുവരിയിൽ രേഖപ്പെടുത്തിയത്. 7.3 ശതമാനം ആകുമെന്നായിരുന്നു പ്രതീക്ഷ. ഇതോടെ, അമേരിക്കൻ ഓഹരി സൂചികകൾ വൻ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതിന്റെ പ്രതിഫലനം ഇന്ന് ഇന്ത്യൻ സൂചികകളിലും കണ്ടേക്കാം. അങ്ങനെയങ്കിൽ സെൻസെക്‌സും നിഫ്‌റ്റിയും ഇടിയും.