
വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ പാർലമെന്റ് പരിസരത്ത് ഇന്നലെ വാക്സിൻ വിരുദ്ധ പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ദിവസമായി പാർലമെന്റ് പരിസരത്ത് തമ്പടിച്ചിരിക്കുന്ന ഇവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം. 120ലേറെ പേരെ അറ്സറ്റ് ചെയ്തു.
തങ്ങൾക്ക് നേരെ അക്രമാസക്തരായ ചിലർക്കെതിരെ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. രണ്ട് പൊലീസുകാർക്ക് നേരിയ പരിക്കുണ്ട്. കാനഡയിലെ ' ഫ്രീഡം കൺവോയ് " മാതൃകയിലാണ് ന്യൂസിലൻഡിൽ വാക്സിൻ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.
ചൊവ്വാഴ്ച പ്രതിഷേധക്കാർ വെല്ലിംഗ്ടണിലുള്ള ന്യൂസിലൻഡ് പാർലമെന്റിന് സമീപത്തുള്ള തെരുവുകളിൽ ഉപരോധം നടത്തിയിരുന്നു. ഇതിൽ ഒരുവിഭാഗം ബുധനാഴ്ച പിരിഞ്ഞുപോയെങ്കിലും നൂറുകണക്കിന് പേർ പാർലമെന്റ് പരിസരത്ത് തന്നെ തുടരുകയായിരുന്നു.