cricket

ഇന്ത്യ -വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്

ഉച്ചയ്ക്ക് 1.30മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

അഹമ്മദാബാദ് : ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഒരിക്കലെങ്കിലും വിന്നിംഗ് ടീമായി മാറാൻ വിൻഡീസിന് ഇന്ന് ലാസ്റ്റ് ചാൻസ്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചു പരമ്പര നേടിക്കഴിഞ്ഞ ഇന്ത്യ സമ്പൂർണവിജയം ലക്ഷ്യമിട്ടാണ് അഹമ്മദാബാദിലെ മോഡി സ്റ്റേഡിയത്തിൽ ഇന്നിറങ്ങുക.

ഇതേവേദിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരത്തിൽ വിൻഡീസിനെ 176 റൺസിന് ആൾഒൗട്ടാക്കിയശേഷം 28 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എടുത്ത ശേഷം വിൻഡീസിനെ 193 റൺസിൽ ആൾഒൗട്ടാക്കി.

പരമ്പര നേടിക്കഴിഞ്ഞതിനാൽ പരീക്ഷണങ്ങൾക്കാവും ഇന്ത്യ മുതിരുകയെന്ന് സൂചനയുണ്ട്. ആദ്യ മത്സരത്തിൽ ഇഷാൻ കിഷനെയും രണ്ടാം മത്സരത്തിൽ റിഷഭ് പന്തിനെയും ഓപ്പണിംഗിൽ തനിക്കൊപ്പം രോഹിത് പരീക്ഷിച്ചിരുന്നു. ഇത്തവണ കൊവിഡിൽ നിന്ന് മുക്തനായ ശിഖർ ധവാനെ ഓപ്പണിംഗിന് ഇറക്കുമെന്ന് സൂചനയുണ്ട്. ശ്രേയസ് അയ്യരും റിതുരാജ് ഗെയ്ക്ക്‌വാദും കൊവിഡിൽ നിന്ന് മുക്തരായി എത്തിയിട്ടുണ്ട്. ഇവരിൽ ആരെയെങ്കിലും ഉൾപ്പെടുത്തേണ്ടിവരുമെങ്കിൽ ദീപക് ഹൂഡയെയോ സൂര്യകുമാർ യാദവിനെയോ ഒഴിവാക്കേണ്ടിവരും. യുവ പേസർ പ്രസിദ്ധ് കൃഷ്ണ കഴിഞ്ഞ കളിയിലെ മികച്ച പ്രകടനത്തോടെ ടീമിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹലും വാഷിംഗ്ടൺ സുന്ദറും മികവ് തുടരുന്നുണ്ട്. അതേസമയം അവസാനമത്സരത്തിൽ ബൗളിംഗിൽ പരിചയസമ്പന്നനായ കുൽദീപ് യാദവിന് തിരിച്ചുവരാനോ സ്പിന്നർ രവി ബിഷ്ണോയ്‌ക്ക് അരങ്ങേറാനോ രോഹിത് അവസരം നൽകാനും സാദ്ധ്യതയുണ്ട്. പേസർ ആവേശ് ഖാനും അരങ്ങേറ്റത്തിന് അവസരം കാത്തിരിക്കുകയാണ്.

നായകനായെത്തിയ കെയ്റോൺ പൊള്ളാഡിന് കഴിഞ്ഞ മത്സരത്തിൽ കളിക്കാൻ കഴിയാതെ പോയത് വിൻഡീസിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഓഡിയൻ സ്മിത്തും അൽസാരി ജോസഫും ഉൾപ്പെടുന്ന ബൗളിംഗ് നിര മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ബാറ്റിംഗിൽ പ്രതീക്ഷിച്ചപോലെ ഉയരാനാകാത്തതാണ് സന്ദർശകരെ നിരാശപ്പെടുത്തുന്നത്.