ukraine

മോസ്കോ : യുക്രെയിൻ വിഷയത്തിൽ പാശ്ചാത്യരാജ്യങ്ങളുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ അയൽരാജ്യമായ ബെലറൂസിൽ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കംകുറിച്ച് റഷ്യ. ഫെബ്രുവരി 20 വരെയാണ് സൈനികാഭ്യാസം നടക്കുക. റഷ്യയുടെ അടുത്ത സഖ്യകക്ഷിയായ ബെലറൂസ് യുക്രെയിനുമായി നീണ്ട അതിർത്തി പങ്കിടുന്നുണ്ട്. ശീതയുദ്ധത്തിന് ശേഷം ബെലറൂസിൽ റഷ്യ നടത്തുന്ന ഏറ്റവും വലിയ സൈനികവിന്യാസമെന്ന് കരുതപ്പെടുന്ന ഇതിനെ ' അക്രമാസക്തമായ നടപടി " എന്നാണ് ഫ്രാൻസ് വിശേഷിപ്പിക്കുന്നത്.

സൈനികാഭ്യാസത്തിലൂടെ റഷ്യ തങ്ങൾക്ക് മാനസിക സമ്മർദ്ദമുണ്ടാക്കുകയാണെന്ന് യുക്രെയിൻ പ്രതികരിച്ചു. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ഒരു ലക്ഷത്തിലേറെ സൈനികരെ അതിർത്തിയിൽ വിന്യസിച്ചെന്ന റിപ്പോർട്ടുകൾക്കിടെയിലും യുക്രെയിനെ ആക്രമിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്നാണ് റഷ്യ ആവർത്തിക്കുന്നത്. എന്നാൽ, റഷ്യയുടെ യുക്രെയിൻ അധിനിവേശം ഏത് നിമിഷവുമുണ്ടായേക്കാമെന്ന് യു.എസും സഖ്യകക്ഷികളും മുന്നറിയിപ്പ് നൽകുന്നു.

 യുക്രെയിൻ സമ്മർദ്ദത്തിൽ

' അലൈഡ് റിസോൾവ് 2022 " എന്ന റഷ്യ - ബെലറൂസ് സൈനികാഭ്യാസം 1,000 കിലോമീറ്ററോളമുള്ള ബെലറൂഷ്യൻ - യുക്രെയിൻ അതിർത്തിയ്ക്ക് സമീപമാണ് നടക്കുന്നത്. റഷ്യ ഇവിടെ നിന്ന് യുക്രെയിനെ ആക്രമിക്കാൻ ശ്രമിച്ചാൽ യുക്രെയിനിയൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യത്തിന് വളരെ വേഗം എത്താൻ സാധിക്കുമെന്ന് മാത്രമല്ല, ആക്രമണം വളരെ വേഗത്തിലുമായിരിക്കും.

ഇത് ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയാകട്ടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അടുത്ത ബന്ധം പുലർത്തുന്നു. 2020ൽ തിരഞ്ഞെടുപ്പിനിടെ ലുകാഷെൻകോയ്ക്കെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും റഷ്യയുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.

 ആശങ്ക

സൈനികാഭ്യാസത്തിൽ എത്ര സൈനികർ പങ്കെടുക്കുന്നുണ്ടെന്ന് റഷ്യയും ബെലറൂസും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 30,000 റഷ്യൻ ട്രൂപ്പുകൾ പങ്കെടുക്കുമെന്ന് കരുതുന്നതായി യു.എസ് പറയുന്നു. യുക്രെയിൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കി.

തങ്ങളുടെ സംയുക്ത സൈനികാഭ്യാസം ബാഹ്യ ആക്രമണത്തെയും ഭീകരതയേയും അടിച്ചമർത്തുന്നതിനും പിന്തിരിപ്പിക്കുന്നതിനും വേണ്ടി ശ്രദ്ധകേന്ദ്രീകരിക്കാനാണെന്ന് റഷ്യയും ബെലറൂസും വ്യക്തമാക്കുന്നു. അതേ സമയം, കരിങ്കടലിലും അസോവ് കടലിലും റഷ്യൻ നേവിയുടെ നേതൃത്വത്തിൽ സൈനികാഭ്യാസം നടക്കുന്നുണ്ട്. കരിങ്കടലിൽ ആറ് യുദ്ധക്കപ്പലുകൾ റഷ്യ വിന്യസിച്ചിട്ടുണ്ട്.

യുക്രെയിനിന്റെ തെക്കൻ ഭാഗത്താണ് ഈ രണ്ട് ഭാഗങ്ങളും. ഇതും യുക്രെയിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേ സമയം, റഷ്യയ്ക്കെതിരെ പാശ്ചാത്യ ശക്തികളുടെ ഭീഷണി യുക്രെയിനുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കുറയ്ക്കുന്നതിന് കാരണമാകില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.