blasters

തിലക് മൈതാൻ: ഐ എസ് എല്ലിൽ തങ്ങളുടെ 14ാം റൗണ്ട് മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ളാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ. ജംഷഡ്പൂരിന്റെ മികച്ച ചില നീക്കങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന മത്സരത്തിൽ ശക്തമായ പ്രതിരോധം കൊണ്ട് ബ്ളാസ്റ്റേഴ്സിന്റെ തങ്ങളുടെ ഗോൾപോസ്റ്റിന് മുന്നിൽ ഒരു വൻമതിൽ തന്നെ തീർത്തിരുന്നു. ജംഷഡ്പൂരിന്റെ അപകടകാരിയായ സട്രൈക്കർ ചീമ ചുക്കുവിനെ അതി വിദഗ്‌ദ്ധമായി ഓഫ്സൈഡ് ട്രാപ്പുകൾ വഴി പൂട്ടാൻ ബ്ളാസ്റ്റേഴ്സിന് സാധിച്ചുവെങ്കിലും ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ധനചന്ദ്ര മെയ്തെ പ്രതിരോധത്തിൽ വരുത്തിയ പിഴവ് കാരണം ജംഷഡ്പൂരിന് അനുകൂലമായി റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു.

44ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സ് ബോക്സിലേക്ക് പന്തുമായി കുതിച്ച ജംഷഡ്പൂരിന്റെ മുന്നേറ്റനിര താരം ഗ്രെഗ് സ്റ്റുവർട്ടിനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്യുകയായിരുന്നു ധനചന്ദ്ര. ജംഷഡ്പൂരിന് അനുകൂലമായി വിധിച്ച പെനാൽട്ടി സ്റ്റുവർട്ട് തന്നെ എടുക്കുകയും മത്സരത്തിലെ ആദ്യ ഗോൾ സ്വന്തമാക്കുകയും ചെയ്തു. ഇത് ആദ്യമായാണ് ധനചന്ദ്ര ഈ സീസണിൽ സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് നാല് നാലു മാറ്റങ്ങളോടെയാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങിയത്. സസ്പെൻഷൻ കാരണം ആയുഷും ഡയസും ഇന്ന് പുറത്തിരുന്നു. സിപോവിച് ടീമിൽ മടങ്ങിയെത്തിയപ്പോൾ ധനചന്ദ്രയ്ക്കും അവസരം ലഭിച്ചു. മദ്ധ്യനിരയിൽ ആയുഷിന് പകരം പൂട്ടിയ ആണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്.