isl

ജംഷഡ്പുർ എഫ്.സി 3-0ത്തിന് കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു

ജംഷഡ്പുരിന്റെ ആദ്യ രണ്ട് ഗോളുകളും പിറന്നത് പെനാൽറ്റിയിലൂടെ

ബംബോലിം : ഐ.എസ്.എല്ലിൽ വിജയക്കുതിപ്പിന്റെ റെക്കാഡ് കുറിക്കാനെത്തിയ കേരള ബ്ളാസ്റ്റേഴ്സിന് അപ്രതീക്ഷിത പ്രഹരമേൽപ്പിച്ച് ജംഷഡ്പുർ എഫ്.സി . ഇന്നലെ ബംബോലിമിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ബ്ളാസ്റ്റേഴ്സിനെ തകർത്തുകളയുകയായിരുന്നു ജംഷഡ്പുരുകാർ. പെനാൽറ്റിയിൽ നിന്നാണ് ഗ്രെഗ് സ്റ്റിവാർട്ട് ആദ്യ രണ്ട് ഗോളുകൾ നേടിയത്.ഡാനിയേൽ ചുക്ക്‌വുവാണ് പട്ടിക പൂർത്തിയാക്കിയത്.

ഈ വിജയത്തോടെ ജംഷഡ്പുർ 14 കളികളിൽ നിന്ന് 25 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതേക്കുയർന്നു.രണ്ടാമതുണ്ടായിരുന്ന ബ്ളാസ്റ്റേഴ്സ് 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി അഞ്ചാമതായി. 15കളികളിൽ നിന്ന് 26 പോയിന്റുള്ള ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.

ആദ്യ പകുതിയു‌ടെ അവസാനസമയത്തും രണ്ടാം പകുതിയുടെ തുടക്കത്തിലും ജംഷഡ്പുർ എഫ്.സിക്ക് അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റികളാണ് മത്സരത്തിന്റെ വിധി കുറിച്ചത്. 44-ാം മിനിട്ടിൽ ബോക്സിനുള്ളിലേക്ക് വന്ന പന്ത് നിയന്ത്രിക്കാൻ ശ്രമിച്ച ജംഷഡ്പുരിന്റെ ഗ്രെഗ് സ്റ്റിവാർട്ടിനെ പിന്നിൽ നിന്ന് ഫൗൾ ചെയ്ത് വീഴ്ത്തിയ ദെനചന്ദ്രം മെയ്‌തേയാണ് ആദ്യ പെനാൽറ്റിക്ക് വഴിയൊരുക്കിയത്. സ്റ്റിവാർട്ടുതന്നെയാണ് കിക്കെടുത്തതും. ബ്ളാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗിൽ വലത്തേക്ക് ഡൈവ് ചെയ്തപ്പോൾ സ്റ്റിവാർട്ട് ഇടംകാലുകൊണ്ട് വലയുടെ ഇടതുമൂലയിലേക്ക് പന്തുരുട്ടിവിടുകയായിരുന്നു. ഈ ഗോളിന് ജംഷഡ്പുർ ഇടവേളയ്ക്ക് പിരിഞ്ഞു.

മടങ്ങിയെത്തി നിലയുറപ്പിക്കും മുന്നേ ബ്ളാസ്റ്റേഴ്സിന് അടുത്ത അടി കിട്ടി. ബോക്സിനുള്ളിലേക്ക് കടന്നുകയറിയ ബോറിസ് സിംഗിനെ തടുക്കാൻ നോക്കിയ മാർക്കോ ലെസ്കോവിച്ചിന് മഞ്ഞക്കാർഡ് നൽകിയ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. വീണ്ടും കിക്കെടുത്തത് സ്റ്റിവാർട്ടാണ്. ഗോളി തെറ്റായ ദിശയിലേക്ക് ചാടിയപ്പോൾ കൂളായി പന്ത് വലയിലേക്ക് ചിപ്പ് ചെയ്തിട്ട് സ്റ്റിവാർട്ട് ജംഷഡ്പുരിനെ 2-0ത്തിന് മുന്നിലെത്തിച്ചു.

ഈ ഗോളിന്റെ ക്ഷീണം മാറും മുമ്പ് ബ്ളാസ്റ്റേഴ്സിന് ഒന്നുകൂടി കിട്ടി. ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു ഈ ഗോളിന്റെ പിറവി. പന്തുകിട്ടിയ ബോറിസ് സിംഗ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഡാനിയേൽ ചുക്ക്‌വുവിന് മറിച്ചുനൽകുകയായിരുന്നു. സമയം കളയാതെ വലയിലേക്ക് തട്ടിയിട്ട് ചുക്ക്‌വു സ്കോർ ബോർഡ് 3-0ആയി ഉയർത്തി.

ഈ സീസണിൽ ബ്ളാസറ്റേഴ്സിന്റെ മൂന്നാമത്തെ മാത്രം തോൽവിയാണിത്.ഒരു സീസണിലെ തങ്ങളുടെ വിജയങ്ങളുടെ എണ്ണത്തിലും പോയിന്റിലും റെക്കാഡ് കുറിക്കാനായാണ് ഇന്നലെ ബ്ളാസ്റ്റേഴ്സ് ഇറങ്ങിയതെങ്കിലും അതിനായി തിങ്കളാഴ്ച ഈസ്റ്റ് ബംഗാളിനെതിരായ മത്സരം വരെ കാത്തിരിക്കേണ്ടിവരും.