
പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ മലയില്‍നിന്ന് സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള ടെസ്റ്റ് മാത്രമാണ് ഇനി ബാക്കിയുണ്ട്. അതിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നാളെത്തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ബാബുവിനെ സന്ദർശിച്ചശേഷം മന്ത്രി അറിയിച്ചത്.
ഇന്നലെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ക്ഷീണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം മാറിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡി എം ഒയും അറിയിച്ചിട്ടുണ്ട്. ഇന്നലെ ആശുപത്രിയിലെത്തിയ വീട്ടുകാരുമായും ബാബു സംസാരിച്ചിരുന്നു.
അതേസമയം, ട്രെക്കിംഗിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് മന്ത്രി പ്രതികരിച്ചത്.മുഖ്യമന്ത്രിയുമായും മുഖ്യ വനപാലകമുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടർന്ന് നടപടി നിർത്തിവയ്‌ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ബാബു കയറിയ കൂർമ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകൾ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.