death

റോം : രണ്ട് വർഷങ്ങൾക്ക് മുന്നേ മരണം സംഭവിച്ചെന്ന് കരുതുന്ന 70കാരിയുടെ മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. വടക്കൻ ഇറ്റലിയിലെ ലേക്ക് കോമോയ്ക്ക് സമീപമുള്ള പ്രെസ്റ്റിനോയിലാണ് സംഭവം. മാരിനെല്ലാ ബെറേറ്റ എന്ന സ്ത്രീയാണ് മരിച്ചത്. ഇവർക്ക് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ആരുമില്ലെന്നാണ് അറിയുന്നത്. തന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിനോട് ചേർന്ന കസേരയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ വീട്ടിലെ പൂന്തോട്ടത്തോട് ചേർന്നുള്ള മരം ഒടിഞ്ഞുവീണത് മുറിച്ചുമാറ്റാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ യാഥൃശ്ചികമായാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. മമ്മി രൂപത്തിലായ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്കായി മാറ്റി. മരണകാരണം വ്യക്തമല്ല. മാരിനെല്ലായുടെ സംസ്കാരച്ചടങ്ങിന്റെ എല്ലാ ചെലവുകളും വഹിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രദേശവാസികളെയെല്ലാം ക്ഷണിച്ചതായി മേയർ പറഞ്ഞു.