blasters

ബാംബൊലിം (ഗോവ): ഐഎസ്എലിൽ തകർപ്പൻ പ്രകടനങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സിന് കൂച്ചുവിലങ്ങിട്ട് ജംഷഡ്പൂർ എഫ്സി. രണ്ട് പെനൽറ്റി ഉൾപ്പെടെ മൂന്നു ഗോളിന് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ഒപ്പത്തിനൊപ്പം നിന്ന കളിയിൽ ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ വഴങ്ങിയ പെനാൽറ്റിയാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ഗ്രെഗ് സ്റ്റുവർട്ടാണ് പെനാൽറ്റിയിലൂടെ രണ്ട് ഗോളും നേടിയത്. ഒരെണ്ണം ഡാനിയേൽ ചുക്ക്വുവും. 14 കളിയിൽ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്.

കളി തുടങ്ങി രണ്ടാംമിനിറ്റിൽ ജംഷഡ്പൂരിന്റെ ആക്രമണമായിരുന്നു. ചുകുവിന്റെ അപകടരമായ നീക്കത്തെ പ്രഭ്സുഖൻ സാഹസികമായി തടഞ്ഞു. ബ്ളാസ്റ്റേഴ്സ് ആദ്യ നിമിഷങ്ങളിൽ കനത്ത ചെറുത്തുനിൽപ്പ് നടത്തി. പതിനൊന്നാം മിനിറ്റിൽ ജംഷഡ്പൂരിന്റെ മറ്റൊരു നീക്കം സിപോവിച്ച് തടഞ്ഞു. മറുവശത്ത് ജംഷഡ്പൂർ പ്രതിരോധവും മികച്ചുനിന്നു. പതിമൂന്നാം മിനിറ്റിൽ ഗോൾമുഖത്തേക്കുള്ള ലൂണയുടെ തകർപ്പൻ ക്രോസ് ഹാർട് ലി തല കൊണ്ട് കുത്തിയകറ്റുകയായിരുന്നു. ഇതിനിടെ ലെസ്കോവിച്ചിനെ ഫൗൾ ചെയ്തതിന് ചുക്ക്വുവിന് മഞ്ഞക്കാർഡ് കിട്ടി.
43ാം മിനിട്ടിൽ ഗ്രെഗ് സ്റ്റുവർട്ടിനെ ബോക്സിനുള്ളിൽ വച്ച് ധെനെചന്ദ്ര ഫൗൾ ചെയ്തതിന് ജംഷഡ്പൂരിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. പിഴവുകളൊന്നും വരുത്താതെ സ്റ്റുവർട്ട് കൃത്യമായി പന്ത് വലയിലെത്തിച്ചു.

രണ്ടാംപകുതിയിൽ വിൻസി ബരെറ്റോയ്ക്ക് പകരം കെ പ്രശാന്ത് ഇറങ്ങി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം പെനൽറ്റിയും വഴങ്ങി. ഇക്കുറി ബോറിസ് സിങ്ങിന്റെ വലതുപാർശ്വത്തിലൂടെയുള്ള അപകടരമായ മുന്നേറ്റം തടയാനുള്ള ലെസ്കോവിച്ചിന്റെ ശ്രമമാണ് സംശയകരമായ പെനാൽറ്റിയിൽ കലാശിച്ചത്. ഇത്തവണയും സ്റ്റുവർട്ട് കിക്കെടുക്കുകയും ജംഷഡ്പൂരിന്റെ ലീഡ് ഉയ‌ർത്തുകയും ചെയ്തു.

രണ്ട് പെനൽറ്റി വഴങ്ങിയതോടെ മാനസികമായി തളർന്ന ബ്ളാസ്റ്റേഴ്സ് 53ാം മിനിട്ടിൽ മൂന്നാമത്തെ ഗോളും വഴങ്ങി. ചുക്കുവായിരുന്നു ഇത്തവണ ഗോൾ നേടിയത്. 14ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.