
തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പഴയ കാരയ്ക്കാമണ്ഡപം ചാനൽക്കര റോഡ് ഹസൻ കോട്ടേജിൽ അലീഫ് ഖാനെയാണ് (34) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളായ ഷജീർ,നിസാം എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2021 മാർച്ചിലാണ് സംഭവം നടന്നത്.പ്രാവച്ചമ്പലം സ്വദേശിയായ അർഷാദിനെ അലീഫ്ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.ഈ കേസിനു പുറമെ, പൂഴിക്കുന്നിലെ ഇറച്ചിക്കടയിൽ കയറി പണം കവർച്ച ചെയ്തതിന് നേമം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂടാതെ ഇയാളെ കാപ്പാ നിയമ പ്രകാരം അഞ്ച് തവണ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുമുണ്ട്. നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.