
പേരുകേട്ടാൽ തന്നെ അറിയാതെ ചൊറിഞ്ഞുപോകുന്ന ചെടിയാണ് നായ്ക്കുരണ. പക്ഷേ, അതിൽ നിന്നുള്ള വരുമാനം കേട്ടാൽ ഒരിക്കലും ചൊറിയില്ലെന്ന് ഉറപ്പ്. മറിച്ച് അതിനെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യും. ലൈംഗിക ഉത്തേജക ഔഷധങ്ങളിലേതുൾപ്പടെ പ്രധാന ചേരുവയാണ് നായ്ക്കുരണ പരിപ്പ്. പലപ്പോഴും ഇത് ആവശ്യത്തിന് കിട്ടാറില്ല. അതിനാൽ വിപണി ഒരിക്കലും പ്രശ്നമാകില്ലെന്ന് ഉറപ്പിക്കാം. മോശമല്ലാത്ത വിലയും ലഭിക്കും.
വിത്തുകളാണ് നടാൻ ഉപയോഗിക്കുന്നത്. കാടുകളിൽ നിന്ന് ശേഖരിക്കുകയോ മറ്റ് കർഷകരുടെ കൈയിൽ നിന്ന് വാങ്ങുകയോ ചെയ്യാം. പാവലും പടവലവും നടുന്നതുപോലെയാണ് നായ്ക്കുരണയും നടേണ്ടത്.നല്ല ബലമുള്ള പന്തലും വേണം. ഒരുഏക്കർ കൃഷിചെയ്യണമെങ്കിൽ കുറഞ്ഞത് രണ്ടുകിലോ വിത്ത് വേണം. ഒരു തടത്തിൽ അഞ്ച് വിത്താണ് നടേണ്ടത്.
നട്ട് ദിവസങ്ങൾക്കകം മുളപൊട്ടും. വള്ളി വീശിക്കഴിഞ്ഞാൽ പന്തലിലേക്ക് കയറ്റാൻ മറക്കരുത്. എങ്കിലേ നല്ല വിളവ് ലഭിക്കൂ. ആറുമാസത്തിനകം ചെടികൾ എല്ലാം പൂവിട്ട് തുടങ്ങും. ഒരു കുലയിൽ നൂറിൽ കുറയാത്ത പൂവുകൾ കാണും. കായ ഉണ്ടായാൽ അത് പാകമാകാൻ നാലുമാസം വേണം. കായ പഴുത്ത് പൊട്ടിത്തെറിക്കും മുമ്പ് വിളവെടുക്കണം. അല്ലെങ്കിൽ ചെടിയുടെ അടുത്തുപോലും പോകാനാവില്ല. പറിച്ചെടുത്ത കായ്കളിൽ നിന്ന് കുരുവേർപെടുത്തിയാണ് വിൽപ്പനക്കാർക്ക് നൽകേണ്ടത്. നന്നായി പരിചരിക്കുകയാണെങ്കിൽ രണ്ടുവർഷം വരെ മുടങ്ങാതെ വരുമാനം കിട്ടിക്കൊണ്ടിരിക്കും.
ഒരിക്കലും ജനവാസ മേഖലയ്ക്കുസമീപം നായ്ക്കുരണ കൃഷിചെയ്യാൻ ശ്രമിക്കരുത്. ആളൊഴിഞ്ഞ സ്ഥലങ്ങളാണ് ഏറെ നന്ന്. പ്രത്യേകിച്ചും കാടുകളോട് അടുത്ത പ്രദേശങ്ങളിൽ. താെട്ടാൽ 'വിവരമറിയും' എന്നുള്ളതുകൊണ്ട് കീടബാധയോ പന്നിപോലുളള മൃഗങ്ങളുടെ ആക്രമണമോ പ്രശ്നമാകാറില്ല.