
കട്ടപ്പന: അയ്യപ്പൻകോവിൽ തൂക്കുപാലവും സമീപത്തെ വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ സജീവമാകുന്നു. കൗമാരക്കാരാണ് ലഹരി ഉപയോഗത്തിനായി ഇവിടെ കൂടുതലായും എത്തുന്നത്. മദ്യത്തിന് പുറമേ കഞ്ചാവ് മുതൽ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം വരെ ഇവിടെ നടക്കുന്നുണ്ടെന്നാണ് സൂചന. തൂക്കുപാലത്തിന് സമീപത്തെ വനമേഖലയും മുളങ്കാടുകളിലും ഇവരുടെ വിവിധ സംഘങ്ങൾ തമ്പടിക്കുക പതിവാണ്. ഇവിടങ്ങളിൽ ആൾ താമസമില്ലാത്തതിനാൽ ഇത്തരമാളുകൾക്ക് സൗകര്യമാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം തമ്മിൽ തല്ലിയ സംഭവും ഇവിടെ ഉണ്ടായിട്ടുണ്ട്. മദ്യപിക്കാനും ലഹരി ഉപയോഗിക്കാനായി എത്തുന്നവരെ നാട്ടുകാർ പല തവണ താക്കീത് ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും നാട്ടുകാരെ കൈയ്യേറ്റം ചെയ്യുന്ന സാഹചര്യമാണ്. ആഡംബര ബൈക്കുകളിലും ജീപ്പിലുമാണ് സംഘങ്ങൾ എത്തുന്നത്.സ്വരാജിൽ നിന്നും തൂക്കുപാലത്തിനരികിലേയ്ക്ക് എത്തുന്ന വനപാതയിൽ അനാശ്യാസ പ്രവർത്തനങ്ങളും തകൃതിയാണ്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
താക്കീത് നൽകി പൊലീസ്
പിറന്നാൾ ആഘോഷിക്കാനായി അയ്യപ്പൻ കോവിലിൽ എത്തിയ കൗമാര സംഘം തിരികെ സ്കൂട്ടറിൽ മടങ്ങും വഴി സ്വകാര്യ വ്യക്തിയുടെ വാഹനത്തിലിടിച്ച് നിർത്താതെ കടന്നു കളഞ്ഞു.സ്വരാജിൽ ശനിയാഴ്ചയാണ് സംഭവം.സ്കൂട്ടറിൽ 3 പേരാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂവരെയും തൊപ്പിപ്പാളയിൽ വച്ച് നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപ്പിച്ചു.പൊലീസ് നടത്തിയ പരിശോധനയിലാണ് കൂട്ടത്തിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ അയ്യപ്പൻകോവിലിൽ പോയി മടങ്ങിയതാണെന്ന് വ്യക്തമായത്.സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിരുന്നു.