t-nasiruddin

#ഇന്ന് കടകൾ അടച്ചിടും

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (78) അന്തരിച്ചു. മൂന്നു പതിറ്രാണ്ടിലേറെയായി സംഘടനയെ നയിച്ചുവന്ന നസിറുദ്ദീൻ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ അന്ത്യം സംഭവിച്ചു.ഹൃദയാഘാതമായിരുന്നു. ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഇന്ന് കടകൾ അടച്ചിടും.

1991ലാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായത് . ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ളിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ക്ഷേമനിധി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി 1945 ഡിസംബർ 25 നായിരുന്നു ജനനം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്സ് ഉടമയായിരുന്നു. 1984ൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റായി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയായിരുന്നു അദ്ദേഹം.

ഭാര്യ: ജുവൈരിയ. മക്കൾ: മൻസൂർ, എൻമോസ് (ഇരുവരും ബിസിനസ്), അഷ്‌റ, അയ്‌ന. മരുമക്കൾ: പുനത്തിൽ ആസിഫ്, നിസാമുദ്ദീൻ, ലൗസിന, റോഷ്‌ന.

സഹോദരങ്ങൾ: ഡോ.ഖാലിദ്, ഡോ.മുസ്തഫ, ഹാഷിം, അൻവർ, മുംതാസ്, പരേതരായ അസീസ്, സുബൈർ, മജീദ്.