
തൃശൂർ: സിനിമയിലഭിനയിപ്പിക്കാമെന്നും ജോലി തരാമെന്നും ഒരു കോടി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന കൈച്ചെയിൻ വാങ്ങി കടന്നുകളഞ്ഞയാൾ അറസ്റ്റിൽ. കുറ്റിപ്പുറം, ബംഗ്ളാംകുന്നിൽ, മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്.
2021 ഒക്ടോബർ 27ന് തൃശൂർ കെ.എസ്.ആർ. ടി.സി സ്റ്റാൻഡിൽ വെച്ചാണ് പ്രതി യുവതിയെ പരിചയപെടുന്നത്. ബിസിനസുകാരനും, സിനിമാ നിർമ്മാതാവുമാണെന്ന് സ്വയം പരിചയപെടുത്തിയ യുവതിക്ക് സിനിമയിൽ അവസരവും ജോലിയും നിരവധി വാഗ്ദാനങ്ങളും നൽകി വിശ്വസിപ്പിച്ച് കൈച്ചെയിൻ കൈവശപ്പെടുത്തുകയായിരുന്നു. യുവതിക്ക് വ്യാജപേരും വിലാസവുമാണ് പ്രതി നൽകിയത്. ചതി മനസിലാക്കി ഈസ്റ്റ് സ്റ്റേഷനിലെത്തി യുവതികൊടുത്ത പരാതിയിൽ കേസെടുത്ത് അന്വേഷിച്ചതിൽ ഫോൺ നമ്പർ പ്രകാരം പ്രതിയുടെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ മോഹന വാഗ്ദാനത്തിൽ നിരവധി സ്ത്രീകളാണ് വഞ്ചിക്കപ്പെട്ടതെന്നും നിരവധി പേരിൽ നിന്നും പണം കൈക്കലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ ആർ.ലാൽ കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്പെക്ടർ എസ്.ഗീതുമോൾ , സിവിൽ പൊലീസ് ഓഫീസർമാരായ ദുർഗ്ഗാലക്ഷ്മി, ഹരീഷ്കുമാർ, പി. ദീപക് വി.ബി, നിജിത എന്നിവരും ഉണ്ടായിരുന്നു.