
മാന്നാർ: വീട്ടിലെ വൈദ്യുതി ചാർജ്ജ് അടയ്ക്കാതിരുന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം വിശ്ചേദിക്കാനെത്തിയ മാന്നാർ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ ഉത്തമനെ(56) ആക്രമിച്ച കേസിൽ മാന്നാർ പാവുക്കര തോലംപടവിൽ ടി.ജി.മനോജിനെ മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രണ്ടു മാസത്തെ വൈദ്യുതി ബിൽ കുടിശികഅടയ്ക്കാനുളളതിനെ തുടർന്ന് മാന്നാർ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത്ത് എന്നിവർ മനോജിന്റെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുമ്പോൾ മനോജ് ഓടിയെത്തി ഉത്തമന്റെ കൈപിടിച്ച് തിരിക്കുകയായിരുന്നു. പരിക്കേറ്റ ഉത്തമൻ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. മനോജിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.