
പത്തനംതിട്ട: പരിചയം നടിച്ച് സ്ത്രീകളുടെ അടുത്തുകൂടിയശേഷം സ്വർണാഭരണങ്ങൾ കവരുന്ന മോഷ്ടാവിന്റെ മൊഴിയിൽ തെളിഞ്ഞത് സമാനമായ ആറ് കുറ്റകൃത്യങ്ങൾ. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി കേസുകൾ ഉണ്ടെങ്കിലും മുങ്ങിനടന്ന കൊല്ലം പാങ്ങോട് പവിത്രേശ്വരം കരിമ്പിൻപുഴ ശ്രീഭവനം വീട്ടിൽ ശ്രീജു (32)വിനെ കഴിഞ്ഞ ദിവസം അടൂർ പൊലീസ് പിടികൂടിയിരുന്നു അടൂർ ഡിവൈ. എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു.
പ്രതിയെ പിടികൂടിയതിന് ശേഷം ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് പവനോളം സ്വർണവും 6500 രൂപയും പിടിച്ചെടുത്തിരുന്നു. പിന്നീട് അടൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസമായി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കുറ്റകൃത്യങ്ങളെപ്പറ്റി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറു കേസുകൾ അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഏനാത്ത്- നിലക്കൽ- തൂവയൂർ റോഡിൽ ഒറ്റയ്ക്ക് നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച്, ഇയാൾ ബൈക്കിൽ കയറ്റിക്കൊണ്ടുപോയശേഷം അവരുടെ 4500 രൂപ അടങ്ങിയ
പേഴ്സ് കവർന്നിരുന്നു. തൂവയൂർ കനാൽ റോഡിനോട് ചേർന്നുള്ള വീട്ടിൽ മുറ്റമടിച്ചുകൊണ്ടുനിന്ന സ്ത്രീയെ പരിചയം നടിച്ച് അവരുടെ സ്വർണമാല കവർന്നു. കുണ്ടറ കന്നിമുക്ക് മുളവന റോഡിൽ
നടന്നുപോയ സ്ത്രീയുടെ സ്വർണമാല കവർന്നു. കഴിഞ്ഞവർഷം ഡിസംബർ അവസാന ആഴ്ചയിലൊരു ദിവസം രാവിലെ 8.30 ന് ഏനാത്ത് - മാഞ്ഞാലി - നിലമേൽ റോഡിലൂടെ നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച് മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി 2 സ്വർണവളയും സ്വർണമാലയും, പണമടങ്ങിയ പേഴ്സും കവർന്നു. കല്ലുകുഴി - നെല്ലിമുകൾ റോഡിൽ ഒറ്റയ്ക്ക് നടന്നുപോയ
സ്ത്രീയുടെ സ്വർണം കവർന്നു. അടൂർ മേലൂട് ആലുമ്മൂട് റോഡിൽ നടന്നുപോയ സ്ത്രീയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഒരു ജോഡി സ്വർണക്കമ്മലും 1000 രൂപയടങ്ങിയ പേഴ്സും കവർന്നു. പ്രതിയെ റിമാൻഡ് ചെയ്തു.