hijab-

തിരുവനന്തപുരം : കേരളത്തിന്റെ അയൽസംസ്ഥാനമായ കർണാടകയിൽ ഹിജാബ് വിവാദം ആളിപ്പടരവേ കഴിഞ്ഞ ദിവസം കേരളം നൽകിയ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹിജാബ് ധരിച്ച പെൺകുട്ടികളുടെ സംഘം പ്രാർത്ഥന ആലപിക്കുന്ന ഫോട്ടോകളാണ് വൈറലായത്. പൂവച്ചൽ സ്‌കൂളിൽ നടന്ന 53 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്ന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.

അതേസമയം ഹിജാബ് ധരിച്ച കുട്ടികൾ പ്രാർത്ഥന ചൊല്ലിയത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന്
ജി സ്റ്റീഫൻ എംഎൽഎ പറഞ്ഞു. സ്‌കൂളിലെ സംഗീത സംഘത്തിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇവർ.
പ്ലസ്ടു അധ്യാപിക അനുജയാണ് കുട്ടികളെ പ്രാർത്ഥനാ ഗാനം പഠിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ചടങ്ങിൽ പ്രാർത്ഥനാഗാനം ആലപിക്കാൻ കുട്ടികളെ തയ്യാറാക്കണമെന്നായിരുന്നു നിർദേശം ലഭിച്ചിരുന്നു. ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് കർണാടകയിൽ ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുന്ന വിദ്യാർഥികൾക്കെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് പടരുകയും കോടതി ഇടപെടുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു.