governor

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിസഭയുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ തിരുവനന്തപുരം സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവുമായ ആർ എസ് ശശികുമാർ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഭേദഗതിക്കെതിരായ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കിയത്. ഓർജർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം അനുവദിച്ചിരുന്നില്ല. സർക്കാരിന് മറുപടി നൽകാൻ നിർദേശിച്ച ഹർജി അടുത്ത മാസം ഏഴിലേയ്ക്ക് മാറ്റി.

അഴിമതിക്കേസിൽ പൊതുപ്രവർത്തകർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവരെ പദവിയിൽ നിന്നു നീക്കം ചെയ്യാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന നിയമവ്യവസ്ഥ നീക്കിയാണ് ഓർഡിനൻസ് പാസാക്കിയത്. പൊതുപ്രവർത്തകർ അഴിമതിക്കാരാണെന്ന് ലോകായുക്ത കണ്ടെത്തി വിധി പറഞ്ഞാലും അതു നടപ്പാക്കണോയെന്നാണ് സർക്കാരിന് തീരുമാനിക്കാം. ഭേദഗതി ലോകായുക്തയെ ദുർബലപ്പെടുത്തുമെന്ന് ഹർജിക്കാർ ആരോപിച്ചപ്പോഴാണ് ഭേദഗതി പ്രകാരം സർക്കാരും മറ്റും ഏടുക്കുന്ന തീരുമാനങ്ങൾ ഹർജിയിലെ അന്തിമ വിധിയിക്കു വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.