kuttanad

ആലപ്പുഴ: ആദ്യം പ്രളയം, പിന്നെ കൊവിഡിന്റെ വിവിധ ഭാവങ്ങൾ. ഇവയൊക്കെ നടുവൊടിച്ച മേഖലകൾ എണ്ണമറ്റതാണ്. ഇവയിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ഹോംസ്റ്റേകൾ. ഇതിനിടെ പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിൽ ഹോംസ്റ്റേകൾ നിരക്കിൽ ഗണ്യമായ കുറവ് വരുത്തുവാനൊരുങ്ങുകയാണ്.

സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരികയും സർക്കാർ സഹായങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് വൻ പ്രതിസന്ധിയിലേയ്ക്ക് ഹോംസ്റ്റേകൾ എത്തപ്പെട്ടത്. ഹോംസ്റ്റേ സംരംഭകരുടെ സംഘടനയായ ഹോംസ്റ്റേ ആൻഡ് സർവീസ്ഡ് വില്ല ടൂറിസം സൊസൈറ്റി (കേരള ഹാറ്റ്സ്) അംഗങ്ങളാണ് കൂട്ടായ തീരുമാനമെടുത്തത്. മാരാരിക്കുളം ബീച്ച്, ആലപ്പുഴ, കുട്ടനാട് മേഖലകളിലാണ് ജില്ലയിൽ ഹോംസ്റ്റേകൾ കൂടുതലായുള്ളത്.

കണ്ണ് തുറക്കാതെ അധികൃതർ

ലോൺ മോറട്ടോറിയത്തിന് പുറമേ യാതൊരു ആനുകൂല്യങ്ങളും കൊവിഡ് കാലത്ത് ലഭിച്ചിട്ടില്ലെന്ന് ഹോം സ്റ്റേ സംരംഭകർ പറയുന്നു. മറ്റ് രാജ്യങ്ങളിൽ ടൂറിസം മേഖലയ്ക്ക് വേണ്ടി ലോൺ ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ നൽകുമ്പോഴാണ് ഇവിടെ യാതൊരു സഹായവുമില്ലാതെ സംരംഭകർ നട്ടംതിരിയുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ അന്താരാഷ്ട്ര വിമാനസർവീസുകൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസൺ ലക്ഷ്യമിട്ടാണ് സാധാരണ ഹോംസ്റ്റേകൾ യൂറോപ്പ്യൻ സഞ്ചാരികളെ വരവേൽക്കുന്നതിന് വേണ്ടി ഹോംസ്റ്റേ നവീകരണം നടത്തുന്നത്. പെയിന്റിംഗ്, ഇന്റീരിയർ വർക്ക്, പ്ലബിംഗ് ഉൾപ്പടെ എല്ലാം അറ്റകുറ്റപ്പണികൾ തീർക്കേണ്ടതുണ്ട്. ഗാർഹികേതര പട്ടികയിൽ ഉൾപ്പെടുന്നതിനാൽ വെള്ളക്കരവും വൈദ്യുതി ബില്ലും കൂടുതലാണ്. ഈ ഘട്ടത്തിലാണ് പണം മുടക്കാൻ നിർവാഹമില്ലാത്തതിനാൽ ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ നിരക്ക് കുറയ്ക്കുന്നത്. നിലവിൽ വെബ്‌സൈറ്റിലുള്ളതിന്റെ 25 മുതൽ 50 ശതമാനം വരെ നിരക്ക് കുറയ്ക്കും.

ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സെക്രട്ടറിയും ഹോംസ്റ്റേ സംരംഭകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനിറക്കിയ ഉത്തരവുകൾ ആലപ്പുഴ മുൻസിപ്പാലിറ്റിയും ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും നടപ്പാക്കിയിട്ടില്ല. ഹോംസ്റ്റേയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രതിസന്ധിയിൽ കഴിയുന്നത്.

ജില്ലാ സെക്രട്ടറി, കേരള ഹാറ്റ്സ്‌