accident

പാലക്കാട്: കുഴൽമന്ദത്തുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി ഡ്രൈവറെ അറസ്റ്റുചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പാണ് അറസ്റ്റിലായത്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തെക്കുറിച്ച് കെ എസ് ആർ ടി സി അന്വേഷണം നടത്തുകയും ഡ്രൈവറുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഔസേപ്പിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ഏഴിന് രാത്രിയിലായിരുന്നു അപകടം. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്. ഓവർടേക്ക് ചെയ്യുന്നതിനിടെ വലത്തോട്ട് വെട്ടിച്ച ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട അപകടത്തിൽപെടുകയുമായിരുന്നു. പാലക്കാടുനിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. ഇതാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ബസ് വലത്തോട്ട് വെട്ടിക്കുന്നതും ബൈക്കിൽ തട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് പുറത്തുവന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു.