
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2024 ലേക്കുള്ള ചൂണ്ടുപലകയാണ്. യു പിയിൽ നിർണായകമല്ലാത്ത മമതാ ബാനർജിയും അരവിന്ദ് കേജ്രിവാളും ശരദ് പവാറുമൊക്കെ നിരന്തര ഇടപെടലുമായി കളത്തിൽ നിറഞ്ഞ് നിൽക്കാൻ ശ്രമിക്കുന്നത് ഇതുകൊണ്ടു തന്നെ.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്നപ്പോൾ ബി.ജെ.പിയും എസ് പിയും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. കോൺഗ്രസും ബി.എസ്.പിയും ആം ആദ്മിയും എ.ഐ.എം.എം സഖ്യവുമൊക്കെ കളത്തിലുണ്ടായിരുന്നു.
ക്രമസമാധാനവും
കർഷക രോഷവും
പടിഞ്ഞാറൻ ഉത്തർപ്രദേശ് 2017 ൽ ബി.ജെ.പി തൂത്തുവാരിയ പ്രദേശമാണ്. ഇന്ന് പാർട്ടി ഏറ്റവും കടുത്ത പോരാട്ടം നേരിടുന്നതും ഇവിടെത്തന്നെ. 2013 ലെ മുസാഫർ കലാപവും കർഷക സമരവുമാണ് യഥാക്രമം ബി.ജെ.പിയും എസ്.പിയും പ്രചാരണ വിഷയമാക്കിയത്.
പടിഞ്ഞാറൻ യു പിയിൽ മേൽക്കൈ നേടുമെന്ന് എസ്. പി - ആർ. എൽ .ഡി സഖ്യം അവകാശപ്പെടുന്നു. ഏറ്റവുമൊടുവിൽ വന്ന അഭിപ്രായ സർവേയിലാണ് ബി.ജെ.പിക്ക് നേരിയ പ്രതീക്ഷ. തിരിച്ചടി പ്രവചിക്കുമ്പോഴും ബി.ജെ.പി തന്നെയാകും കൂടുതൽ സീറ്റുകൾ നേടുകയെന്ന സർവേ എസ്. പി മുന്നണി തള്ളിക്കളയുകയാണ്. ജയിലിൽ കിടക്കുന്ന എസ്. പി നേതാവ് അസംഖാനെ ചൂണ്ടിക്കാട്ടി ക്രമസമാധാന പ്രശ്നം പ്രചാരണ വിഷയമാക്കാൻ പ്രധാനമന്ത്രി പോലും തയാറായി. ഇത് വനിതാ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് ഒടുവിൽ വന്ന സർവ്വേ. 75 ശതമാനം സ്ത്രീകൾ ബി.ജെ.പിയെ പിന്തുണയ്‌ക്കുകയാണെന്ന് പ്രവചനം വ്യക്തമാക്കുന്നു. പടിഞ്ഞാറൻ യു.പിയിലുണ്ടായ വികസന പ്രവർത്തനങ്ങളും ബി.ജെ.പി ഉയർത്തിക്കാട്ടുന്നു. ജാട്ട് കർഷകരുടെ രോഷം വോട്ടായി മാറ്റാൻ പ്രധാനമന്ത്രിയായിരുന്ന ചരൺ സിംഗിന്റെ കൊച്ചുമകൻ ജയന്ത് ചൗധരിയും അഖിലേഷ് യാദവും ചേർന്ന് കഠിനാദ്ധ്വാനം നടത്തിയിട്ടുണ്ട്. ഒപ്പം മുസ്ലിം വോട്ടുകളിലെ ഏകീകരണത്തിലും പ്രതീക്ഷയർപ്പിക്കുന്നു. 2017 ൽ ബി.ജെ.പി നടത്തിയ സോഷ്യൽ എൻജിനിയറിംഗ് വളരെ നിശബ്ദമായി പകർത്തി മുന്നേറ്റം നടത്താനുള്ള അഖിലേഷിന്റെ ശ്രമവും ഒരു പരിധി വരെ വിജയിച്ചു. ബി.ജെ.പി അനുകൂല ഒ.ബി.സി നേതാക്കളെ പാർട്ടിയിലെത്തിക്കാൻ എസ്. പിക്ക് കഴിഞ്ഞു.
ചെറുകക്ഷികളുടെ സ്വാധീനം
തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന വിവിധ ജാതികളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ യു.പിയുടെ പ്രത്യേകതയാണ്. ഇവർ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താറുണ്ട്. ഇത്തവണ കൂടുതൽ ചെറുകക്ഷികളെ ഒപ്പം നിർത്താൻ അഖിലേഷ് യാദവിന് സാധിച്ചു. അപ്നാദൾ (എസ്- കൂർമി സമുദായം ), നിഷാദ് പാർട്ടി ( നിഷാദ്, ബിന്ദ, മല്ല സമുദായങ്ങൾ), ഭാരതീയ മാനവ് സമാജ് പാർട്ടി ( ബിന്ദ്, കാശ്യപ് ,മല്ല സമുദായങ്ങൾ ) എന്നീ സംഘടനകൾ ബി.ജെ.പി യോടൊപ്പമാണ്.
അപ്നാദൾ വിമത വിഭാഗം (കൂർമി സമുദായം), സുഹൽദേവ് രാജ് ഭർ ഭാരതീയ സമാജ് പാർട്ടി ( ഭർ, രാജ്ഭർ സമുദായങ്ങൾ), മഹാൻ ദൾ ( മൗര്യ, കുശ്‌വാഹ, ശാക്യ സമുദായങ്ങൾ), ജനവാദി പാർട്ടി (എസ്- നോനിയ സമുദായം), ഭാഗിദാരി പാർട്ടി (കുംഹാർ സമുദായം), ഭാരതീയ വഞ്ചിത് സമാജ് പാർട്ടി (കശ്യപ് ,നിഷാദ്, മല്ല സമുദായങ്ങൾ), പ്രഗതിശീൽ സമാജ് വാദി പാർട്ടി ( യാദവ്, മറ്റ് ഒ.ബി.സി വിഭാഗങ്ങൾ), ജനതാ ക്രാന്തി പാർട്ടി (നോനിയ സമുദായം), രാഷ്ട്രീയ ഉദയ് പാർട്ടി(പാൽ, ഭാഗേൽ സമുദായങ്ങൾ), ക്വാമി ഏകതാദൾ (മുസ്ലിം സമുദായം), സമാധാൻ പാർട്ടി(മുസ്ലിം) എന്നീ സമുദായ സംഘടനകൾ എസ്.പിയോടൊപ്പവും നിൽക്കുന്നു. കുശ്‌വാഹ സമുദായത്തിൽ സ്വാധീനമുള്ള ജൻ അധികാർ പാർട്ടി ഉൾപ്പെടെയുള്ളവരുമായി സഖ്യം ചെയ്ത് ഒവൈസിയുടെ എ.ഐ.എം.എം മുസ്ലിം പിന്തുണയിൽ പ്രതീക്ഷയർപ്പിച്ച് പോരാടുന്നു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രൂപം നൽകിയ ആസാദ് സമാജ് പാർട്ടി അഖിലേഷുമായി തെറ്റി പിരിഞ്ഞ് തനിച്ച് പോരാടുകയാണ്.
ലോക് കല്യാൺ സങ്കല്പ്പത്രയും
സമാജ് വാദി വചനപത്രയും
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രികയാണ് ലോക് കല്യാൺ സങ്കല്പ് പത്ര. എക്കാലത്തും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിഷയമായിരുന്ന അയോദ്ധ്യയെ കുറിച്ചോ വിവാദ കേന്ദ്രമായ മഥുരയെ കുറിച്ചോ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ കാശിയെ കുറിച്ചോ പരാമർശമില്ലാത്ത പ്രകടന പത്രികയിൽ ലവ് ജിഹാദും കർഷക പ്രീണന പദ്ധതികളുമാണ് ഇടം പിടിച്ചത്. അയോദ്ധ്യയ്ക്കും മഥുരയ്ക്കും പകരം ലവ് ജിഹാദ് നിയമവും ക്രമസമാധാന പ്രശ്നവും ഹിന്ദുത്വ അജണ്ടയെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു. കർഷകർക്ക് സൗജന്യ പദ്ധതി, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി വിളകൾക്ക് മിനിമം താങ്ങുവില, കുഴൽ കിണറുകൾക്ക് സബ്ബ്സിഡി, പഞ്ചസാരമില്ലുകളുടെ നവീകരണം, ആറ് മെഗാ ഫുഡ് പാർക്കുകൾ, എല്ലാ വീട്ടിലും കുറഞ്ഞത് ഒരാൾക്ക് തൊഴിൽ, പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹത്തിന് 25,000 രൂപ, വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 5,000 കോടി, 75 ജില്ലകളിലും ഡയാലിസിസ് യൂണിറ്റ്,
പൊതുഗതാഗതങ്ങളിൽ വനിതകൾക്ക് സൗജന്യ യാത്ര, തുടങ്ങിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളത്.
സമാജ് വാദി പാർട്ടിയുടെ പ്രകടനപത്രികയാണ് സമാജ് വാദി വചന പത്ര. സർക്കാർ സർവീസിൽ വനിതകൾക്ക് 33 ശതമാനം സംവരണവും ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കിയതും പൊതുഗതാഗതത്തിലെ സൗജന്യവും ഉയർത്തി സമാജ് വാദി പാർട്ടി ബി.ജെ.പിയെയും കോൺഗ്രസിനെയും പ്രതിരോധിക്കുന്നു. എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പ് നൽകുന്നു. ദരിദ്ര കർഷകർക്ക് കടാശ്വാസ നിയമം, പലിശരഹിത വായ്പ, സൗജന്യമായി വളം, കർഷക സമരത്തിൽ പങ്കെടുത്ത് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം, എം.എസ്.എം.ഇ മേഖലയിൽ ഒരു കോടി തൊഴിൽ, എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം, തുടങ്ങിയ വാഗ്ദാനങ്ങളും എസ്.പി പ്രകടനപത്രികയിലുണ്ട്.
ഒവൈസി പിടിക്കുന്ന
വോട്ടുകൾ നിർണായകം
സംസ്ഥാനത്തെ 50 ലേറെ മണ്ഡലങ്ങളിൽ ഒവൈസിയുടെ പാർട്ടിയായ എ.ഐ.എം.എം പിടിക്കുന്ന മുസ്ലിം വോട്ടുകൾ നിർണായകമാകും. അവസാന ലാപ്പിൽ ഉണർന്നെണീറ്റ മായാവതിയുടെ ബി.എസ്.പിയെ ഇത് സാരമായി ബാധിക്കും. മത്സരരംഗത്തുള്ള അസംഖാനെ ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാൻ എസ്. പി നടത്തിയ നീക്കം ജയിലിലുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കളഞ്ഞതോടെ അത്ര ഫലവത്തായില്ല.